തൃശൂർ പൂരം അട്ടിമറിച്ചതിനു പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എട്ട് പേരെ. മുന്‍ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ്. ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക, സര്‍ക്കാരിനെതിരെ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുക എന്നീ കുറ്റങ്ങളാണ് ദേവസ്വം ഭാരവാഹികൾക്കെതിരെ ചുമത്തിയിരിക്കുന്നത്

Current: മലയാളം

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും അതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി കെ മുരളീധരന്.
എംആര്‍ അജിത് കുമാറിനെ കുറിച്ച് മന്ത്രിയെന്ന നിലയില്‍ ഇപ്പോള്‍ മുന്‍പ് പറഞ്ഞതുപോലെ പറയാനാവില്ല. റിപ്പോര്‍ട്ടിലെ എല്ലാ ഉള്ളുകള്ളിയും തനിക്കറിയാം. ആരെയും രക്ഷിക്കാന്‍ നോക്കിയാല്‍ അത് നടക്കില്ല. റിപ്പോര്‍ട്ട ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
പൂരം അട്ടിമറിച്ചതിനു പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂരം കലക്കലില്‍ ആരോപണവിധേയനായ മുന്‍ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കുന്നതാണ് റിപ്പോര്‍ട്ട്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണു ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് റിപ്പോര്‍ട്ട് ഡിജിപിക്കു നല്‍കിയത്. 2024 ഒക്ടോബറില്‍ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് സര്‍ക്കാരിലേക്കു എത്തിയിരിക്കുന്നത്.
കേസില്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അടക്കം എട്ട് പേരെയാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക, സര്‍ക്കാരിനെതിരെ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, പൂരം കലക്കലില്‍ പുനഃരന്വേഷണം വേണമെന്ന ആവശ്യവുമായി തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് ആടിനെ പട്ടിയാക്കുന്നതാണെന്ന് ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണ്. തിരുവമ്പാടി ദേവസ്വം പ്രതിനിധികളെല്ലാവരും കൂടി പൂരം കലക്കിയെന്ന് പറഞ്ഞാല്‍ അതൊരു തെറ്റല്ലേ? ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ആ തെറ്റുകള്‍ എന്താണെന്ന് ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താനും ദേവസ്വം തയ്യാറാണ്’.
‘ഒരിക്കലും ദേവസ്വം പൂരം കലക്കാനോ ആതിന്റെ പ്രൗഡിക്ക് ആക്കം കുറയ്ക്കാനോ ശ്രമിക്കില്ല. അതിനാല്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണ്. ഇത് വാദിയെ പ്രതിയാക്കുന്ന രീതിയാണ്. ആടിനെ പട്ടിയാക്കുകയാണ്. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ദേവസ്വംമന്ത്രിയുമായും നാളെയോ മറ്റന്നാളോ ഇതിനെക്കുറിച്ച് സംസാരിക്കും. സത്യാവസ്ഥ അവരെ പറഞ്ഞു മനസിലാക്കും. അതിന് ശേഷം തുടര്‍നടപടികളിലേയ്ക്ക് കടക്കും.’- ഗിരീഷ് കുമാര്‍ പറഞ്ഞു.






