ഡിജിറ്റല്‍ സര്‍വേ കഴിഞ്ഞതോടെ ‘കെണിയിലായി’ ഭൂവുടമകൾ. ചെറിയ രീതിയില്‍ പോലും ഭൂമിയുടെ അളവ് കൂടിയാല്‍ കരം അടക്കാനാവില്ല. ഏക്കറുകള്‍ വ്യാപ്തി കുറഞ്ഞാല്‍ പ്രശ്‌നവുമില്ല. ജനങ്ങളെ വലയ്ക്കുന്ന വിചിത്രമായ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Current: മലയാളം

കോട്ടയം: സംസ്ഥാനത്ത് ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ വസ്തു നികുതി (കരം) അടയ്ക്കാനാകാതെ ജനങ്ങള്‍ വില്ലേജ് ഓഫീസുകള്‍ കയറി ഇറങ്ങുന്നു. വര്‍ഷങ്ങളായി കരം ഒടുക്കിക്കൊണ്ടിരുന്ന ഭൂമിക്കു ഡിജിറ്റല്‍ സര്‍വേ രേഖ പ്രകാരം സെന്റുകളുടെ അളവില്‍ ചെറിയ വര്‍ധനവു വന്നാല്‍ കരം സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണു പ്രധാന പരാതി.
അതേസമയം, ഏക്കറുകണക്കിനു ഭൂമി സര്‍വേയില്‍ കുറഞ്ഞുപോയാല്‍ ഒരു തടസവുമില്ലാതെ കരം സ്വീകരിക്കുന്നു താനും. ജനങ്ങളെ വലയ്ക്കുന്ന ഈ വിചിത്രമായ നയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഡിജിറ്റല്‍ സര്‍വേ കഴിഞ്ഞ പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ വഴി നേരിട്ട് കരം അടയ്ക്കാന്‍ സാധിക്കില്ല. സര്‍വേ രേഖകള്‍ പുതുക്കുന്നതിന്റെ ഭാഗമായി ആദ്യ തവണ കരമടയ്ക്കാന്‍ ഭൂവുടമകള്‍ നേരിട്ടു വില്ലേജ് ഓഫീസിലെത്തണം.
നിലവില്‍ ഡിജിറ്റല്‍ സര്‍വേ കഴിഞ്ഞ വില്ലേജുകളില്‍ ഇതുമൂലം വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണു പലര്‍ക്കും സര്‍വേ രേഖയിലെ വിവരക്കേടുകള്‍ മൂലം കരം അടയ്ക്കാന്‍ കഴിയില്ലെന്ന വിവരം അറിയുന്നത്.
ഭൂവുടമകള്‍ നിലവില്‍ കൈവശം വെച്ചിരിക്കുന്നതും മുന്‍ ആധാര പ്രകാരമുള്ളതുമായ വിസ്തീര്‍ണ്ണത്തില്‍ നിന്ന് ഏതാനും ചതുരശ്ര മീറ്ററോ സെന്റോ സര്‍വേയില്‍ കൂടുതല്‍ രേഖപ്പെടുത്തിയാല്‍, റവന്യൂ സോഫ്റ്റ്വെയര്‍ കരം സ്വീകരിക്കാന്‍ അനുവദിക്കില്ല.
എന്നാല്‍, അതേസമയം, സര്‍വേ പിഴവ് മൂലം ഭൂമിയുടെ അളവില്‍ സെന്റുകളോ ഏക്കറുകളോ കുറവാണു രേഖപ്പെടുത്തിയതെങ്കില്‍ അത്രയും കുറഞ്ഞ അളവിന് കരം അടയ്ക്കാന്‍ ഒരു തടസവുമില്ല.
വര്‍ഷങ്ങളായി കൃത്യമായി കരം കെട്ടുന്ന ഭൂമിയാണ്. ഡിജിറ്റല്‍ സര്‍വേയില്‍ അല്പം വിസ്തീര്‍ണം കൂടിയതായി കണ്ടപ്പോള്‍ ഇനി കരം അടയ്ക്കാനാകില്ലെന്നാണു വില്ലേജ് ഓഫീസില്‍ നിന്നു പറയുന്നത്.
കുറവാണു വന്നതെങ്കില്‍ പ്രശ്‌നമില്ലായിരുന്നുപോലും ഇതെന്തു ന്യായമാണ് എന്നു ദുരിതത്തിലായ ഭൂവുടമകള്‍ ചോദിക്കുന്നു. അളവില്‍ വ്യത്യാസം വന്നാല്‍ ഭൂവുടമകള്‍ നേരിടേണ്ടി വരുന്നതു വലിയ രീതിയിലുള്ള നൂലാമാലകളാണ്. ഭൂമിയുടെ അളവ് പുനഃപരിശോധിക്കാനും സബ് ഡിവിഷനുമായി ബന്ധപ്പെട്ട തിരുത്തലുകള്‍ക്കുമായി വീണ്ടും റവന്യൂ വകുപ്പിന് അപേക്ഷ നല്‍കണം.
വീണ്ടും സര്‍വേ നടത്താന്‍ റീ-സര്‍വേ അപേക്ഷ നല്‍കുകയും അതിനുള്ള ഫീസ് പൊതുജനം സ്വന്തം പോക്കറ്റില്‍ നിന്ന് അടയ്ക്കുകയും വേണം.
സര്‍വേയര്‍ എന്നു വരും, എപ്പോള്‍ തിരുത്തും എന്നതിനു കൃത്യമായ ഉറപ്പില്ല. സര്‍വേയര്‍മാര്‍ കുറവായതിനാല്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു. ഇക്കാലയളവില്‍ വസ്തുവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ, ബാങ്ക് വായ്പകള്‍ എടുക്കാനോ, അവകാശ കൈമാറ്റം നടത്താനോ കഴിയാതെ ഭൂവുടമകള്‍ വലയുകയാണ്.
സര്‍വേ പ്രക്രിയ പൂര്‍ണമായും കുറ്റമറ്റതും സുതാര്യവുമാക്കുക എന്നതു സ്വാഗതാര്‍ഹമാണെങ്കിലും, സര്‍വേ സംവിധാനത്തിന്റെ ഭാഗമായുള്ള പിഴവുകള്‍ക്കു സാധാരണക്കാരെ ശിക്ഷിക്കുന്ന നയം മാറണം. തര്‍ക്കമില്ലാത്ത കൈവശഭൂമിയുടെ കാര്യത്തില്‍ ആധാര പ്രകാരമുള്ള വിസ്തീര്‍ണത്തിനു താല്‍ക്കാലികമായി കരം സ്വീകരിക്കാന്‍ അനുമതി നല്‍കണം.
സര്‍വേയില്‍ വ്യത്യാസം വന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വില്ലേജ് തലത്തില്‍ പ്രത്യേക സര്‍വേയര്‍മാരെ നിയോഗിച്ച് അദാലത്തുകള്‍ നടത്തണം. ഡിജിറ്റല്‍ സര്‍വേയിലെ പിഴവുകള്‍ തിരുത്താന്‍ വീണ്ടും ജനങ്ങളില്‍ നിന്ന് അപേക്ഷാ ഫീസും സര്‍വേ ഫീസും ഈടാക്കുന്നതു നിര്‍ത്തലാക്കണം.
ഭൂമി സംബന്ധമായ സേവനങ്ങള്‍ എളുപ്പമാക്കാന്‍ കൊണ്ടുവന്ന ഡിജിറ്റല്‍ സര്‍വേ, നിലവില്‍ ജനങ്ങള്‍ക്ക് പുതിയ ദുരിതമായി മാറിയിരിക്കുകയാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ചു ജനങ്ങളെ വലയ്ക്കാതെ, പ്രായോഗികമായ റവന്യൂ ഉത്തരവുകളിലൂടെ ഈ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് ഭൂവുടമകളുടെ ആവശ്യം.






