പാരീസിന് സമീപം വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

Current: മലയാളം

ഫ്രാൻസിൽ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ പാരീസിന് സമീപമുള്ള ട്രാപ്പസിൽ വെടിവെപ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും കുറഞ്ഞത് നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ ഭീകരാക്രമണമായാണ് കാണുന്നതെന്ന് പൊലീസ് അറിയിച്ചു. കാറിൽ സഞ്ചരിച്ചെത്തിയ അക്രമി വഴിയരികിലുണ്ടായിരുന്നവർക്കു നേരെ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. പ്രതിയെ പിന്നീട് പിടികൂടിയതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു സ്ഥിരീകരിച്ചു.
പ്രാദേശിക സമയം രാവിലെയായിരുന്നു ആക്രമണം. 39 വയസ്സുകാരനായ പ്രതി പരമാവധി ആളുകളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നഗരത്തിലൂടെ വാഹനമോടിച്ച് വെടിവെപ്പ് നടത്തിയതെന്ന് ട്രാപ്പസ് മേയർ അലി റബേ പറഞ്ഞു. ആരോഗ്യകേന്ദ്രം, പെട്രോൾ പമ്പ്, നിരവധി വാഹനങ്ങൾ എന്നിവയ്ക്കു നേരെയും ഇയാൾ വെടിയുതിർത്തു. പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കാമെന്നും പരിക്കേറ്റവരിൽ 12 വയസ്സുള്ള കുട്ടിയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടാം ലോകമഹായുദ്ധകാലത്തേതെന്ന് കരുതുന്ന പഴയ അർധ-ഓട്ടോമാറ്റിക് ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തു. ട്രാപ്പസിന് സമീപമുള്ള കൊയ്ന്നിയേഴ്സിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഫ്രാൻസിന്റെ ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ ഓഫീസ് സംഭവത്തിന്റെ അന്വേഷണം ഏറ്റെടുത്തു.
ഭീകരസംഘടനകളുമായുള്ള ഗൂഢാലോചന, മാരകായുധങ്ങൾ കൈവശംവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് അന്വേഷണം നടക്കുന്നത്.






