മേജർ രവിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം വേണം; കേന്ദ്രത്തിനും പ്രതിരോധ മന്ത്രാലയത്തിനും പരാതി | Major Ravi allegations

Current: മലയാളം

റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എക്സ്-സർവീസ്മെൻ വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ അസോസിയേഷൻ ആവശ്യപ്പെട്ടു. സംഘടനാ പ്രസിഡന്റ് രാജേഷ് കുമാർ കേന്ദ്ര സർക്കാരിനും പ്രതിരോധ മന്ത്രാലയത്തിനും ഇതുസംബന്ധിച്ച് പരാതി നൽകി. (Major Ravi allegations)
സ്കൂളുകളിൽ വിദ്യാർഥികൾക്കായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചതും പരിശീലന അക്കാദമിയിൽ ചേർന്നാൽ ജോലി ലഭിക്കുമെന്ന് ഉറപ്പുനൽകിയതായുള്ള ആരോപണങ്ങളും അന്വേഷിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇത്തരം വാഗ്ദാനങ്ങളുടെ പേരിൽ വിദ്യാർഥികളിൽനിന്നോ ജോലി അന്വേഷിക്കുന്നവരിൽനിന്നോ പണം ഈടാക്കിയിട്ടുണ്ടോയെന്നും ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങൾക്കും റിക്രൂട്ട്മെന്റ് ഏജൻസികൾക്കും ഔദ്യോഗിക അംഗീകാരമുണ്ടോയെന്നും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 2026 ഒക്ടോബർ 19 മുതൽ 25 വരെ വിവിധ മാധ്യമങ്ങളിൽ മേജർ രവിയുടേതായി വന്ന അഭിമുഖങ്ങളും പ്രസ്താവനകളും പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ദാവൂദ് ഇബ്രാഹിമിനെയും കേന്ദ്ര സർക്കാരിനെയും ബന്ധപ്പെടുത്തി നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട പരാമർശങ്ങളുടെ യാഥാർഥ്യവും പശ്ചാത്തലവും സ്ഥിരീകരിക്കണം. യഥാർഥ അഭിമുഖങ്ങളും വീഡിയോ ദൃശ്യങ്ങളും വിശദമായി പരിശോധിച്ചശേഷം മാത്രമേ നിഗമനത്തിലെത്താവൂ എന്നും പരാതിയിൽ പറയുന്നു.
സൈനിക സേവനത്തിന്റെ വിശ്വാസ്യത ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾ തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ആരോപണങ്ങൾ വിരമിച്ച സൈനികരുടെ അന്തസ്സിനെയും വിശ്വാസ്യതയെയും ബാധിക്കരുതെന്നും രാജേഷ് കുമാർ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ആവശ്യമായ രേഖകളും മാധ്യമ റിപ്പോർട്ടുകളും മറ്റ് തെളിവുകളും കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ആരോപണങ്ങളിൽ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും നിയമലംഘനങ്ങൾ തെളിഞ്ഞാൽ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Summary: The Ex-Servicemen Welfare and Rehabilitation Association has urged the Union government and the Defence Ministry to conduct an impartial inquiry into allegations involving retired military officer Major Ravi. The complaint seeks verification of claims concerning training programmes, job assurances, alleged collection of money, and media statements attributed to him.






