‘മോദിയല്ല, മോദിയുടെ അച്ഛനും ഇറങ്ങിപ്പോകേണ്ടിവരും’; ബിഹാറിൽ പ്രസംഗത്തിനിടെ ക്ഷുഭിതനായി ഖർഗെ | Mallikarjun Kharge Patna speech

Current: മലയാളം

ബിഹാറിൽ പൊതുചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മോദി എവിടെയും പോകില്ലെന്ന് സദസ്സിൽ നിന്ന് ഒരാൾ വിളിച്ചുപറഞ്ഞതാണ് ഖർഗെയെ പ്രകോപിപ്പിച്ചത്. തുടർന്ന്, മോദിക്കു മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും ഇറങ്ങിപ്പോകേണ്ടിവരുമെന്ന തരത്തിൽ ഖർഗെ പ്രതികരിച്ചത്. മോദിയെ അനുകൂലിച്ച് സംസാരിച്ചയാളെ പിന്നീട് സദസ്സിൽനിന്ന് പുറത്താക്കിയിരുന്നു. (Mallikarjun Kharge Patna speech)
പട്നയിൽ ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു സംഭവം. പ്രധാനമന്ത്രിയെയും ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച ഖർഗെ, അധികാരത്തിലെത്തിയാൽ 100 ദിവസത്തിനുള്ളിൽ വിദേശത്തുള്ള മുഴുവൻ കള്ളപ്പണവും തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം മോദി പാലിച്ചില്ലെന്നും ആരോപിച്ചു. ആ പണം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം നിലനിൽക്കുന്നിടത്തോളം സമാധാനം സാധ്യമാകില്ലെന്നും ഖർഗെ പ്രസംഗത്തിൽ പറഞ്ഞു. രൂപീകരണം മുതൽ വർഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. നിതീഷ് കുമാറിനെപ്പോലൊരു നേതാവ് ആർഎസ്എസുമായി കൈകോർത്തതിൽ വിഷമമുണ്ടെന്നും ബിഹാറിൽ ഇപ്പോഴും ‘ജംഗിൾരാജ്’ തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഖർഗെയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷന്റെ സമനില തെറ്റിയിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ നിലവാരം വ്യക്തമാക്കുന്നതാണെന്നും ബിജെപി ആരോപിച്ചു.
Summary: Congress president Mallikarjun Kharge made a sharp remark about Prime Minister Narendra Modi during an event in Patna after a member of the audience reportedly interrupted his speech. Kharge also criticised the BJP, the central government and the RSS, drawing a strong response from the BJP.






