ഇന്ത്യ-നെതർലാൻഡ്സ് വ്യാപാര ബന്ധം ശക്തമാക്കാൻ നീക്കം; യൂറോപ്പിലെ ഏറ്റവും വലിയ റോട്ടർഡാം തുറമുഖം സന്ദർശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

Current: മലയാളം

ആംസ്റ്റര്‍ഡാം: ഇന്ത്യയും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങളും സമുദ്ര ഗതാഗത സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനം ആരംഭിച്ചു.
സന്ദര്‍ശനത്തിന്റെ ആദ്യദിനം യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ റോട്ടര്‍ഡാം പോര്‍ട്ട് അദ്ദേഹം സന്ദര്‍ശിച്ചു. റോട്ടര്‍ഡാം പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബൗഡെവിജ്ന് സിമണ്സുമായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ ഉല്പന്നങ്ങള് യൂറോപ്യന്‍ വിപണിയിലെത്തിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ചര്‍ച്ച ചെയ്തു.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ ഡച്ച് തുറമുഖങ്ങള്‍ക്കും ലോജിസ്റ്റിക്സ് ശൃംഖലകള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്‍ഡോ-യൂറോപ്പ് വിതരണ ശൃംഖല കൂടുതല്‍ ദൃഢമാക്കാന്‍ ഈ സഹകരണം വഴിയൊരുക്കും. സന്ദര്‍ശന വേളയില്‍ ആംസ്റ്റര്‍ഡാമിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയയില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രവാസി ഭാരതീയരുടെ കൂട്ടായ്മയിലും മന്ത്രി പങ്കെടുത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങള്‍ വളര്‍ത്തുന്നതില്‍ പ്രവാസി സമൂഹം വഹിക്കുന്ന പങ്കിനെ പിയൂഷ് ഗോയല്‍ പ്രശംസിച്ചു.






