ബോളിവുഡ് താരം ആമിർ ഖാനെ അപായപ്പെടുത്താനായിരുന്നു ബിഷ്ണോയ് സംഘത്തിന്റെ പ്രാഥമിക പദ്ധതി; നടനെ കിട്ടാത്തതിനെ തുടർന്ന് ലക്ഷ്യം ടൈഗർ ഷ്രോഫിലേക്ക് മാറ്റിയതാണെന്ന് പോലീസ് വെളിപ്പെടുത്തൽ

Current: മലയാളം

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിനേക്കാള് മുന്‍പ് നടന് ആമിര്‍ ഖാനെയായിരുന്നു അനില്‍ പണ്ഡിറ്റും സംഘവും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തല്‍.
ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ നിന്ന് ഭീഷണി നേരിടുന്ന ആമിര്‍ ഖാനെ നേരിട്ട് അപായപ്പെടുത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ ‘ലഭ്യനായ’ ടൈഗര്‍ ഷ്രോഫിലേക്ക് അക്രമികള്‍ ശ്രദ്ധ തിരിച്ചതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെപ്റ്റംബര്‍ മാസത്തില്‍ ദിവസങ്ങളോളം അനില്‍ പണ്ഡിറ്റും സംഘവും ആമിര്‍ ഖാന്റെ വീടും പരിസരവും നിരീക്ഷിക്കുകയും (റെക്കെയ് നടത്തുകയും) ചെയ്തിരുന്നു.
എന്നാല്‍ നടനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സെപ്റ്റംബര്‍ അവസാനത്തോടെ ടൈഗര്‍ ഷ്രോഫിനെ ലക്ഷ്യമിടാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആമിറിന്റെ വീടിന് സമീപം താമസിച്ചിരുന്ന അക്രമികള്‍ ടൈഗര്‍ ഞായറാഴ്ചകളില്‍ ഫുട്ബോള്‍ കളിക്കാനെത്തുന്ന പുഷ്പ നര്‍സി പാര്ക്കിന് സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.
മൂന്നാം വിവാഹത്തിന് പിന്നാലെയാണ് ആമിര്‍ ഖാന് ബിഷ്ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റില്‍പ്പെടുന്നത്. ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിന് പിന്നാലെ ‘ലൗ ജിഹാദ്’ ആരോപിച്ചായിരുന്നു ആര്‍സൂ ബിഷ്ണോയ്, ടൈസണ്‍ ബിഷ്ണോയ് എന്നിവര്‍ ഫേസ്ബുക്കിലൂടെ ആമിറിനെതിരെ ഭീഷണി മുഴക്കിയത്.
സനാതന ധര്‍മ്മത്തിനും രാജ്യത്തിനും എതിരായ ഇത്തരം കാര്യങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു ബിഷ്ണോയ് സംഘത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഗൗരി ഹിന്ദു അല്ലെന്നും അവര്‍ മതം മാറിയിട്ടില്ലെന്നും ആമിര്‍ ഖാന് മുന്‍പ് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
തന്റെ കുടുംബം പൂര്‍ണ്ണമായും മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വധഭീഷണിയുമായി ബന്ധപ്പെട്ട് മുംബൈ പൊലീസും പഞ്ചാബ് പൊലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.






