പ്രധാനമന്ത്രിയുടെ അന്തരിച്ച പിതാവിനെ അധിക്ഷേപിച്ച മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി രാജ്നാഥ് സിംഗ്; കോൺഗ്രസ് അധ്യക്ഷന്റേത് രാഷ്ട്രീയ അധഃപതനമെന്ന് ബി.ജെ.പി, ആർ.എസ്.എസിനെ ഉദ്ദേശിച്ചാണെന്ന് കോൺഗ്രസ് ന്യായീകരണം

Current: മലയാളം

ഡല്‍ഹി: പാറ്റ്നയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച പിതാവിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ ‘മോദിയുടെ അപ്പന് പോലും പോകും’ എന്ന പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രാജ്നാഥ് സിംഗ്.
ഖാര്‍ഗെയുടെ പ്രസ്താവന പ്രതിപക്ഷത്തിന്റെ നിരാശയാണ് കാണിക്കുന്നതെന്നും ഒരു സാധാരണ പ്രവര്‍ത്തകനല്ല, രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ് ഇത്തരത്തില്‍ സംസാരിച്ചതെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിംഗിന്റെ 139-ാം ജന്മവാര്ഷിക ആഘോഷത്തിനിടെ ഞായറാഴ്ചയായിരുന്നു വിവാദ സംഭവം.
ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയും പാറ്റ്ന പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബി.ജെ.പി പ്രഖ്യാപിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പ്രതികരിച്ച രാജ്നാഥ് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്റെ പെരുമാറ്റം കോടിക്കണക്കിന് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതായി പറഞ്ഞു.
തെറ്റ് അംഗീകരിച്ച് ഖേദം പ്രകടിപ്പിക്കുന്നതിന് പകരം ഖാര്‍ഗെയുടെ വാക്കുകളെ ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും, രാഷ്ട്രീയ എതിര്‍പ്പുകള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളാക്കി മാറ്റുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധഃപതനമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പാറ്റ്നയിലെ ചടങ്ങില്‍ ഖാര്‍ഗെ സംസാരിക്കവേ ബി.ജെ.പി പ്രവര്ത്തകന് അദ്ദേഹത്തിന്റെ അന്തരിച്ച പിതാവിനെ ആദ്യം അധിക്ഷേപിച്ചെന്നും, തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയപരമായ പിതൃസംഘടനയായ ആര്.എസ്.എസിനെ ഉദ്ദേശിച്ചാണ് ഖാര്‍ഗെ സംസാരിച്ചതെന്നും കോണ്‍ഗ്രസ് വാദിച്ചു. വോട്ടര്‍ പട്ടിക പരിഷ്കരണത്തെ ചൊല്ലിയുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായ രാഷ്ട്രീയ പോരിലേക്ക് വഴിമാറിയിരിക്കുകയാണ്.






