പമ്പാവാലിയിൽ ഭീതി വിതച്ച് രാജവെമ്പാല, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ റെസ്ക്യു ടീം പിടികൂടി. വീടിനുള്ളിൽ കടന്ന പാമ്പ് ടിവി സ്റ്റാൻഡിന്റെ അടിയിലും പിന്നീട് ബാത്‌റൂമിലും നിലയുറപ്പിച്ചതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും ഭയചകിതരായി

Current: മലയാളം

കോട്ടയം: പമ്പാവാലി എയ്ഞ്ചൽവാലി പൊങ്ങന്താനം ബാബുവിന്റെ വീട്ടിൽ രാജവെമ്പാല കയറിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. വീടിനുള്ളിൽ കടന്ന പാമ്പ് ടിവി സ്റ്റാൻഡിന്റെ അടിയിലും പിന്നീട് ബാത്‌റൂമിലും നിലയുറപ്പിച്ചതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും ഭയചകിതരായി.
വിവരമറിഞ്ഞ് ആദ്യം വനപാലകർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. തുടർന്ന് ആർ.ആർ.ടി സ്നേക്ക് റെസ്ക്യു ടീം സ്ഥലത്തെത്തി നടത്തിയ വിദഗ്ധമായ പരിശ്രമത്തിനൊടുവിലാണ് വലിയ രാജവെമ്പാലയെ സുരക്ഷിതമായി കൂടിലാക്കിയത്.
പാമ്പിനെ പിടികൂടിയതോടെയാണ് വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്ന് വനപാലകർ അറിയിച്ചു.
അതേസമയം, നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ നാട്ടിൽ നിന്നും പിടിച്ചിട്ട് അവയെ വനത്തിന്റെ അതിർത്തിയിൽ തന്നെ കൊണ്ട് വിടുന്നു എന്ന് ജനങ്ങൾക്ക് ആക്ഷേപമുണ്ട്. ഇവയെ ഉൾക്കാട്ടിലേക്കു വിടണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.






