കലയുടെ തിരശ്ശീലയ്ക്കു പിന്നിൽ മാഞ്ഞുപോയൊരു ജീവിതം – ദോസ്തി പത്മൻ

Current: മലയാളം

പെരുമ്പാവൂർ: അരങ്ങുകളിൽ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നും മുഖങ്ങളിൽ വേഷപ്പകർച്ചകളുടെ വിസ്മയം തീർത്തും പതിറ്റാണ്ടുകളോളം കലയുടെ ലോകത്ത് സജീവമായിരുന്ന ദോസ്തി പത്മൻ എന്ന എസ്. പത്മനാഭൻ നായരുടെ ജീവിതത്തിന് എൺപത്തൊന്നാം വയസ്സിൽ തിരശ്ശീല വീഴുമ്പോൾ, അത് പെരുമ്പാവൂരിന്റെ കലാസാംസ്കാരിക ചരിത്രത്തിലെ ഒരു അധ്യായത്തിന്റെ കൂടി അവസാനമായി.
കലയ്ക്കായി ജീവിതം സമർപ്പിച്ച ദോസ്തി പത്മന്റെ അവസാനകാലം ബാക്കിവെക്കുന്നത് കലാകാരന്മാരോടുള്ള സമൂഹത്തിന്റെ കടപ്പാടിനെക്കുറിച്ചുള്ള അസ്വസ്ഥപ്പെടുത്തുന്ന കുറെയേറെ ചോദ്യങ്ങളാണ്.
1958-ൽ കീഴില്ലം, മണ്ണൂരിൽ നിന്നും പെരുമ്പാവൂരിലെത്തിയ പത്മൻ പിന്നീട് തന്റെ ജീവിതം കലയുടെ വഴികളിലൂടെ മുന്നോട്ടുകൊണ്ടുപോയി. നാടകമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനമേഖല. അഭിനയം, നാടകഗാനരചന, കഥ, കവിത, ലേഖനം, മേക്കപ്പ് തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
1965 മുതൽ അമെച്വർ, പ്രൊഫഷണൽ നാടകവേദികളിലായി ഏകദേശം 250 നാടകങ്ങൾക്ക് ഗാനങ്ങൾ ഒരുക്കിയെന്നത് അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. നാടകവേദിയിൽ പുതിയ പ്രതിഭകൾക്ക് അവസരമൊരുക്കുന്നതിലും അവരെ കലാലോകത്തിന് പരിചയപ്പെടുത്തുന്നതിലും പത്മൻ വഹിച്ച പങ്ക് വലുതാണ്.

പെരുമ്പാവൂരുകാരനായ ചലച്ചിത്ര നടൻ ജയറാമിന് ആദ്യമായി നാടകത്തിൽ വേഷം നൽകിയത് പത്മനാണെന്നും നടി അനന്യയ്ക്ക് ആദ്യമായി മേക്കപ്പിട്ടത് അദ്ദേഹമാണെന്നും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള കുറിപ്പുകൾ സാക്ഷ്യപ്പെടുത്തുന്നു.
പിന്നീട് മലയാളികൾക്ക് സുപരിചിതരായിത്തീർന്ന കലാകാരന്മാരുടെ ആദ്യകാല കലായാത്രകളിൽപ്പോലും ഈ നാടകപ്രവർത്തകന്റെ സാന്നിധ്യമുണ്ടായിരുന്നു.മേക്കപ്പ് രംഗത്തും അദ്ദേഹത്തിന്റെ സംഭാവനകൾ ചെറുതല്ല.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നാടകങ്ങൾ, മോണോആക്ട്, മിമിക്രി, വില്ലടിച്ചാൻപാട്ട്, ടാബ്ലോ, ബാലെ തുടങ്ങിയ കലാരൂപങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം അയ്യായിരത്തോളം കുട്ടികൾക്കും മുതിർന്നവർക്കും മേക്കപ്പ് ചെയ്തിട്ടുണ്ട് പത്മൻ.
വേദിയിൽ ഓരോ കഥാപാത്രവും ആവശ്യപ്പെടുന്ന രൂപഭാവങ്ങൾ സൃഷ്ടിക്കുമ്പോൾ, തിരശ്ശീലയ്ക്കു പിന്നിൽ പ്രവർത്തിച്ചിരുന്ന ആ കലാകാരനെ എത്രപേർ ഓർത്തുവെച്ചിട്ടുണ്ടെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
കലയോടുള്ള ഈ സമർപ്പണത്തിനിടയിലും പത്മന്റെ ജീവിതം സാമ്പത്തികമായി സുരക്ഷിതമായിരുന്നില്ല. പെരുമ്പാവൂർ മരുതുകവലയിലെ പഴയ വീട്ടിൽ തനിച്ചായിരുന്നു അവിവാഹിതനായിരുന്ന ദോസ്തി പത്മൻ ജീവിതം.
വർഷങ്ങൾക്കു മുമ്പ് മരുതുകവല കേന്ദ്രീകരിച്ച് ദോസ്തി ആർട്ട്സ് ക്ലബ്ബ് രൂപീകരിച്ച് കലാമേഖലയിൽ സജീവമായിരുന്ന കാലം മുതലാണ് പത്‌മനാഭൻ നായർ ദോസ്തി പത്മനായി അറിയപ്പെട്ടു തുടങ്ങിയത്. വാർധക്യത്തിന്റെ അവശതകളും സാമ്പത്തിക പരിമിതികളും ഒറ്റപ്പെടലും നിറഞ്ഞ ജീവിതമായിരുന്നു അവസാനകാലത്ത് അദ്ദേഹത്തിന്റേത്.
ഒരുകാലത്ത് നൂറുകണക്കിന് കഥാപാത്രങ്ങൾക്കായി വേഷപ്പകർച്ചകൾ തീർത്ത കൈകൾക്കും നാടകവേദികൾക്കായി സർഗാത്മക സംഭാവനകൾ നൽകിയ മനസ്സിനും ജീവിതസായാഹ്നത്തിൽ അർഹമായ കരുതൽ ലഭിച്ചോ എന്ന ചോദ്യം അദ്ദേഹത്തിന്റെ വിയോഗത്തോടെ വീണ്ടും ഉയരുന്നു.
തിങ്കളാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. മരുതുകവലയിലെ വീട്ടിൽ കലാസാംസ്‌കാരിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ നിരവധിപേരാണ് അന്തിമോപചാരമർപ്പിയ്ക്കാനെത്തിയത്. വൈകിട്ട് 3 മണിയോടെ സംസ്കാരം നടന്നു.






