വെസ്റ്റ് ബാങ്കിൽ വംശഹത്യാ കുറ്റങ്ങൾ; ഗാസയിലും വംശഹത്യ തുടരുന്നുവെന്ന് ഇസ്രയേലിനെതിരെ യുഎൻ അന്വേഷണ കമ്മീഷൻ | Israel genocide allegations in Gaza

Current: മലയാളം

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വംശനാശം ലക്ഷ്യമിട്ടുള്ള കൊലപാതകം, പീഡനം, ബലാത്സംഗം ഉൾപ്പെടെയുള്ള മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഗാസയിൽ പലസ്തീനികൾക്കെതിരായ വംശഹത്യ തുടരുകയാണെന്നും യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ആരോപിച്ചു. 2023 ഒക്ടോബർ ഏഴുമുതൽ 2026 സെപ്റ്റംബർ വരെയുള്ള സംഭവങ്ങളാണ് റിപ്പോർട്ട് പരിശോധിച്ചത്. (Israel genocide allegations in Gaza)
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം വെസ്റ്റ് ബാങ്കിലെ സ്ഥിതി ഗുരുതരമായി വഷളായതായി കമ്മീഷൻ വിലയിരുത്തി. ഇസ്രയേൽ സൈനിക നടപടികളും കുടിയേറ്റക്കാരുടെ തുടർച്ചയായ അക്രമങ്ങളും ചേർന്ന് സാധാരണക്കാർക്കെതിരായ വ്യാപകവും ആസൂത്രിതവുമായ ആക്രമണമായി മാറിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പലസ്തീനികളെ കൂട്ടത്തോടെ ശിക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പ്രവർത്തിച്ചതെന്നും കമ്മീഷൻ ആരോപിച്ചു.
വെസ്റ്റ് ബാങ്കിൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2008 മുതൽ 2023 ഒക്ടോബർ ആറുവരെ ആറ് പേർ കൊല്ലപ്പെട്ടപ്പോൾ, 2023 ഒക്ടോബർ ഏഴുമുതൽ 2026 സെപ്റ്റംബർ 30 വരെ 254 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. വീടുകളുടെ നാശവും സാധാരണക്കാർക്കെതിരായ ആക്രമണങ്ങളും പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനും അസഹനീയമായ ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണെന്ന് കമ്മീഷൻ അധ്യക്ഷൻ ശ്രീനിവാസൻ മുരളീധർ പറഞ്ഞു.
ഗാസയിൽ വെടിനിർത്തലിനുശേഷവും പലസ്തീനികളെ കൊല്ലാനും പരിക്കേൽപ്പിക്കാനും ലക്ഷ്യമിട്ടുള്ള നടപടികൾ തുടരുന്നതായി കമ്മീഷൻ ആരോപിച്ചു. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ കുറഞ്ഞത് 74,500 പേർ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഏഴുവയസ്സുകാരിയുൾപ്പെടെ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായും അവിടത്തെ ആരോഗ്യ അധികൃതർ അറിയിച്ചു. അതേസമയം, റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇസ്രയേൽ തള്ളി. രാജ്യത്തെ കുറ്റവാളിയായി ചിത്രീകരിക്കാനുള്ള തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണിതെന്നും കമ്മീഷന്റെ നിഗമനങ്ങൾ അന്താരാഷ്ട്ര സമൂഹം നിരാകരിക്കണമെന്നും ജനീവയിലെ ഇസ്രയേൽ ദൗത്യം പ്രതികരിച്ചു.
റിപ്പോർട്ട് പുറത്തുവന്ന സമയത്ത് വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ ഇസ്രയേൽ സൈന്യം ശക്തമായ നിയന്ത്രണങ്ങളും നടപടികളും ഏർപ്പെടുത്തിയിരുന്നു. നഗരത്തിലെ നിയന്ത്രണങ്ങൾ രണ്ടായിരത്തിലധികം പലസ്തീനികളെ വീടുകളിൽനിന്ന് കുടിയൊഴിപ്പിച്ചതായും വീടുകൾ തകർക്കുകയും സഞ്ചാരസ്വാതന്ത്ര്യം തടയുകയും ചെയ്തതായും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടുർക്ക് പറഞ്ഞു. പ്രദേശങ്ങൾ ഒഴിപ്പിക്കുമെന്ന ഭീഷണികൾ വംശീയ ഉന്മൂലനത്തെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും മനുഷ്യാവകാശ ലംഘനങ്ങൾക്കൊപ്പം പലസ്തീൻ അതോറിറ്റിയുടെ വിമതശബ്ദങ്ങൾക്കെതിരായ നടപടികളും റിപ്പോർട്ട് പരിശോധിച്ചിട്ടുണ്ട്. യുഎൻ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ ഐക്യരാഷ്ട്രസഭയുടെ മൊത്തത്തിലുള്ള ഔദ്യോഗിക നിലപാടിനെ പ്രതിനിധീകരിക്കുന്നതല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Summary: A UN Commission of Inquiry has accused Israel of crimes against humanity in the occupied West Bank and said genocidal acts continue in Gaza despite a ceasefire. Israel rejected the report, while the commission also documented displacement, civilian deaths and restrictions on movement in the Palestinian territories.





