
അധികാരത്തോടുള്ള ആർത്തി മൂലം ആര് ഏത് പാർട്ടി വിട്ടാലും, അവരെ ആ നിലയ്ക്ക് തന്നെ കണ്ട് മൂലക്ക് ഇരുത്താൻ വോട്ടർമാർ തയ്യാറാകേണ്ടതുണ്ട്. നീണ്ട 25 വർഷക്കാലമാണ് ചെങ്കൊടിയുടെ തണലിൽ അധികാര കസേരയിൽ ഐഷാപോറ്റി ഇരുന്നിരുന്നത്.
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും തുടർന്ന് മൂന്നുതവണ കൊട്ടാരക്കര നിയമസഭാംഗമായും ഐഷാ പോറ്റിയെ അധികാര കസേരയിൽ ഇരുത്തിയത് സി.പി.എം എന്ന രാഷ്ട്രീയ പാർട്ടിയാണ്. ആ പാർട്ടിയെയും അവർക്ക് വേണ്ടി പ്രവർത്തിച്ച ഇടതുപക്ഷ പ്രവർത്തകരെയും ചതിക്കുന്ന ഏർപ്പാടാണ് ഐഷ പോറ്റി ഇപ്പോൾ ചെയ്തിരിക്കുന്നത്.
ഐഷ പോറ്റിക്ക് ഇപ്പോൾ 67 വയസ്സായി. യുവത്വത്തിന് അവസരം നൽകാൻ മുതിർന്നവർ മാറി കൊടുക്കണമെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെയാണ് ഇവരെ ഇപ്പോൾ പാർട്ടിയിലേക്ക് ആനയിച്ചിരിക്കുന്നത് എന്നത് തികച്ചും വിരോധാഭാസമായ കാര്യമാണ്.
സി.പി.എം അവഗണിച്ചെന്നും, ആരെയും കുറ്റപ്പെടുത്താനില്ലെന്നുമാണ് ഐഷ പോറ്റി പറയുന്നത്. അതാണ് എനിക്കും വിചിത്രമായി തോന്നുന്നത്. 25 വർഷക്കാലം ജനപ്രതിനിധിയാക്കിയ പാർട്ടി ചതിച്ചെന്ന് ഏത് പോറ്റി പറഞ്ഞാലും, അത് രാഷ്ട്രീയ കേരളത്തിൽ ഏശുകയില്ല.
കൊട്ടാരക്കരയിൽ വീണ്ടും ഒരവസരം സി.പി.എം നൽകില്ലന്ന് വ്യക്തമായതോടെയാണ്, അവരിപ്പോൾ കളം മാറ്റി ചവിട്ടിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഐഷ പോറ്റി വരുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. കൊട്ടാരക്കര സീറ്റ് ലക്ഷ്യമിട്ട് പ്രവർത്തിച്ച കോൺഗ്രസ്സ് നേതാവും ചാനൽ മുഖവുമായ ജോതികുമാർ ചാമക്കാലക്കാണ് ഐഷ പോറ്റിയുടെ ഈ മുന്നണി മാറ്റം തിരിച്ചടിയായിരിക്കുന്നത്.
പബ്ലിസിറ്റി നോക്കിയാണ് സ്ഥാനാർത്ഥിയെ നിർത്തുന്നതെങ്കിൽ, ഉണ്ണികൃഷ്ണൻ പോറ്റിയെ സ്ഥാനാർത്ഥിയാക്കുകയായിരിക്കും കോൺഗ്രസ്സിന് നല്ലത്. ഇവിടെ വലിയ കുപ്രസിദ്ധിയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉള്ളത്. അതുപോലെ തന്നെ, ഐഷ പോറ്റിയുടെ കോൺഗ്രസ്സ് പ്രവേശനത്തെയും ചിത്രീകരിക്കാനാണ് ഇടതുപക്ഷ ഹാൻഡലുകൾ ഇപ്പോൾ ശ്രമിക്കുന്നത്. പാർട്ടിയെ വഞ്ചിച്ച് മറ്റു പാർട്ടിയിൽ ചേരുന്നവരെ വർഗ്ഗ വഞ്ചകരായാണ് സി.പി.എം ചിത്രീകരിക്കാറുള്ളത്. ഐഷ പോറ്റിയുടെ കാര്യത്തിലും അതു തന്നെയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി അയ്യപ്പനെയാണ് ചതിച്ചതെങ്കിൽ, ഐഷ പോറ്റി സി.പി.എമ്മിനെയാണ് ചതിച്ചിരിക്കുന്നത് എന്ന തരത്തിലുള്ള പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്.
കമ്യൂണിസ്റ്റു പാർട്ടികളുടെ അണികളെ സംബന്ധിച്ചും അനുഭാവികളെ സംബന്ധിച്ചും, പാർട്ടിക്ക് എതിരെ ആര് നീങ്ങിയാലും, സകല അഭിപ്രായ വിത്യാസങ്ങളും മാറ്റി വച്ച് അവർ കടന്നൽ കൂട്ടം പോലെ ഒത്തുകൂടി പ്രതികരിക്കും. ഇനി കൊട്ടാരക്കര നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതും അതു തന്നെ ആയിരിക്കും.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കാൻ പോകുന്നത് കൊട്ടാരക്കരയിൽ തന്നെ ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത്തവണയും മന്ത്രി കെ.എൻ ബാലഗോപാൽ തന്നെ ആയിരിക്കും ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുക എന്നതും ഉറപ്പാണ്. അങ്ങനെയെങ്കിൽ, ബാലഗോപാൽ – ഐഷ പോറ്റി പോരായിരിക്കും കൊട്ടാരക്കരയിൽ നടക്കുക. ഐഷ പോറ്റിയുടെ ഇപ്പോഴത്തെ ഈ മുന്നണി മാറ്റം, ബാലഗോപാലിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അധികാര മോഹം എന്നത്, മറ്റ് എന്ത് വികാരത്തിനും അപ്പുറമായി കാണുന്ന ജനതയാണ് രാഷ്ട്രീയ കേരളത്തിൽ ഉള്ളത് എന്നതിനാൽ, അതിനു തന്നെയാണ് സാധ്യത.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് രീതിയെയും നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് രീതിയെയും ഒരു പോലെ വിലയിരുത്താൻ പാടില്ല. രണ്ടിനും രണ്ട് സ്വഭാവമാണ് ഉള്ളത്. പ്രാദേശിക വിഷയങ്ങളും സ്ഥാനാർത്ഥികളുടെ മികവുമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാനമായും വോട്ടർമാർ നോക്കാറുള്ളത്.
പത്ത് വർഷം തുടർച്ചയായി ഇടതുപക്ഷം ഭരിച്ചിട്ടും, ആ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വച്ച് നോക്കിയാൽ തന്നെ, 58 മുതൽ 63 വരെ നിയമസഭാ സീറ്റുകളിൽ ഇടതുപക്ഷത്തിന് ഇപ്പോഴും വിജയിക്കാൻ കഴിയുമെന്നത് ചെറിയ കാര്യമല്ല. അത് തിരിച്ചറിഞ്ഞത് കൊണ്ടാണ്, കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തെ ഇടതുപക്ഷത്ത് നിന്നും അടർത്തിയെടുക്കാൻ കോൺഗ്രസ്സും ലീഗും നിലവിൽ ശ്രമിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ, ഇപ്പോഴും ഇടതുപക്ഷത്തിന് സാധ്യത ഉണ്ട് എന്ന് ഏറ്റവും കൂടുതൽ കരുതുന്നത് മുസ്ലീംലീഗാണ്. അതുകൊണ്ടു തന്നെയാണ് ലീഗ് സംസ്ഥാന അദ്ധ്യക്ഷനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ കേരള കോൺഗ്രസ്സിനെ യു.ഡി.എഫിൽ എത്തിക്കാൻ മുൻകൈ എടുത്തിരിക്കുന്നത്. എന്നാൽ, യു.ഡി.എഫ് നേതാക്കളുടെ ഈ നീക്കത്തോട് ഇടതുപക്ഷത്ത് ‘തുടരും എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാണ്, കേരള കോൺഗ്രസ്സിന്റെ മന്ത്രി കൂടിയായ റോഷി അഗസ്റ്റ്യൻ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. യു.ഡി.എഫിൽ നിന്നും ചവിട്ടി പുറത്താക്കപ്പെട്ടപ്പോൾ അഭയം നൽകിയ ഇടതുപക്ഷത്തെ അങ്ങനെയൊന്നും കൈവിട്ട് പോകാൻ റോഷി അഗസ്റ്റ്യനെ പോലെ, ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വികാരമറിയുന്ന ഒരു കേരള കോൺഗ്രസ്സ് നേതാവിനും കഴിയുകയില്ല. ഇതിന് വിപരീതമായ ഒരു തീരുമാനം ആ പാർട്ടിയുടെ ഏത് നേതാവിൽ നിന്നുണ്ടായാലും അതും മറ്റൊരു വഞ്ചനയായാണ് രാഷ്ട്രീയ കേരളത്തിൽ വിലയിരുത്തപ്പെടുക.
express view
വീഡിയോ കാണാം:
The post ഐഷ പോറ്റിയുടേത് വഞ്ചനയുടെ രാഷ്ട്രീയം, വിഡി സതീശന്റെ പ്രഖ്യാപനത്തിന് എതിരായ രാഷ്ട്രീയ പ്രവേശനം! appeared first on Express Kerala.




