ഐ.ഐ.ടി ബോംബെയിൽ വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ വൻ പ്രതിഷേധം; എസ്.സി-എസ്.ടി സെല്ലും ഹോസ്റ്റൽ സുരക്ഷയും ശക്തമാക്കാൻ പുതിയ അവലോകന സമിതികളെ നിയോഗിച്ച് ഭരണസമിതി

Current: മലയാളം

മുംബൈ: കഴിഞ്ഞ മാസം ക്യാമ്പസില്‍ വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍, പട്ടികജാതി-പട്ടികവര്‍ഗ സെല്‍ ശക്തിപ്പെടുത്തുന്നതിനായി നടപടികള്‍ സ്വീകരിച്ച് ഐ.ഐ.ടി ബോംബെ.
സെല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു അവലോകന സമിതി രൂപീകരിച്ചു.
ഹോസ്റ്റല്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മറ്റൊരു സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 18-ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ക്യാമ്പസില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കും ഭരണസമിതിക്കും മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു എസ്.സി-എസ്.ടി സെല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുക എന്നത്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിശോധിക്കുന്നതിന് സെല്ലിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്നും വിദ്യാര്‍ത്ഥ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് ഉന്നതതല അവലോകന സമിതിക്ക് രൂപം നല്‍കിയതെന്ന് ഐ.ഐ.ടി ബോംബെ അധികൃതര്‍ സ്ഥിരീകരിച്ചു.
വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹോസ്റ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അറിയിച്ചു.





