രാത്രിയായാല്‍ നഗ്നനായി കറക്കം, അടൂരില്‍ ഭീതി വിതച്ച് അജ്ഞാതന്‍, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വീടുകള്‍ക്ക് മുന്നിലാണ് അജ്ഞാതന്റെ കറങ്ങിനടത്തം
പത്തനംതിട്ട: രാത്രികാലങ്ങളില്‍ നഗ്നനായെത്തി അടൂരില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി അജ്ഞാതന്‍. ഏഴങ്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പെട്ട വാഴവിളപ്പടി, പട്ടാഴിമുക്ക് എന്നീ പ്രദേശങ്ങളിലാണ് സാമൂഹ്യവിരുദ്ധന്റെ ശല്യം രൂക്ഷമായിരിക്കുന്നത്. വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും മുന്നില്‍ നഗ്നനായി ഇയാള്‍ എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞ ആഴ്ചയിലും സമാനമായ സംഭവം ഈ പ്രദേശത്ത് നടന്നിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വീടുകള്‍ക്ക് മുന്നിലടക്കം രാത്രിയില്‍ അജ്ഞാതന്‍ കറങ്ങിനടക്കുന്നത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. സംഭവത്തില്‍ പ്രദേശവാസികള്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. മോഷണശ്രമങ്ങളോ മറ്റ് അക്രമങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. കടകള്‍ക്ക് മുന്നിലെത്തുന്ന ഇയാള്‍ പിന്നീട് ജനവാസ മേഖലകളിലേക്ക് നടന്നുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാത്രികാലങ്ങളില്‍ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ഇയാളെ ഉടന്‍ പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം




