SIR വിരുദ്ധ പോരാട്ട ലക്ഷ്യം മോദി സര്‍ക്കാരിനെ പുറത്താക്കുന്നതിനും: പ്രകാശ് രാജ്

Current: മലയാളം

വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരായ (എസ്ഐആര്‍) പ്രതിഷേധം വോട്ടവകാശം സംരക്ഷിക്കുന്നതിന് മാത്രമല്ല, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കുന്നതിനും വേണ്ടിയാണെന്ന് നടന് പ്രകാശ് രാജ് ശനിയാഴ്ച പറഞ്ഞു. മംഗളൂരുവില്‍ ജോയിന്റ് ഫോറം ഓഫ് സെക്കുലര്‍ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ജനത നടിഗെ’ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഐആറിനെതിരെ പ്രതിഷേധിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അംബേദ്കര്‍ സര്‍ക്കിളില്‍ നിന്ന് ക്ലോക്ക് ടവറിലേക്ക് മാര്‍ച്ച് നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രകാശ് രാജ് ആരോപിച്ചു. അവര്‍ അങ്ങനെ ചെയ്തതില്‍ പിടിക്കപ്പെട്ടു. മോദി തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അതെ, ഞങ്ങള്‍ നിങ്ങളുടെ സര്‍ക്കാറിനെ നീക്കം ചെയ്യാനാണ് വന്നത്. പക്ഷേ നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന് എന്നിവ പോലെ ഞങ്ങള്‍ അത് ചെയ്യില്ല. സ്നേഹത്തിലൂടെയും അംബേദ്കര്‍ ഭരണഘടന നമുക്ക് നല്കിയ വോട്ടവകാശത്തിലൂടെയും ഞങ്ങള്‍ അത് ചെയ്യും. ഈ പോരാട്ടം ജയിക്കാന്‍ കഴിയുന്നത് ജനങ്ങള്‍ക്കാണ്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നമ്മള് വെറും വോട്ടിംഗ് യന്ത്രങ്ങള്‍ മാത്രമാണ്. മോദി, നിങ്ങള്‍ അധികകാലം അധികാരത്തില്‍ തുടരില്ല. നിങ്ങളുടെ സമയം തീര്‍ന്നു കൊണ്ടിരിക്കുകയാണ്-പ്രകാശ് രാജ് പറഞ്ഞു.
ദക്ഷിണ കന്നടയിലെ ആരോഗ്യ സംരക്ഷണം, സമ്പദ്വ്യവസ്ഥ, യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങള്‍, സാമുദായിക ഐക്യം എന്നിവയുടെ അവസ്ഥയെയും പ്രകാശ് രാജ് ചോദ്യം ചെയ്തു.തീരദേശ കര്‍ണാടകയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മേഖലയിലെ യുവാക്കള്‍ ജയിലിലാകുന്നത് ആശങ്കയുളവാക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കണം.വോട്ട് നമ്മുടെ അവകാശമാണ്. അത് എടുത്തുകളയാന്‍ ശ്രമിക്കരുതെന്ന് പ്രകാശ് രാജ് മോദി സര്‍ക്കാറിന് മുന്നറിയിപ്പ് നല്കി.





