"> Skip to content
November 6, 2026
⌕

“ഡിജിറ്റൽ സ്ക്രീനുകളിൽ നിന്ന് മാറി മണ്ണിലേക്കിറങ്ങൂ, കൃഷിയാകണം കുട്ടികളുടെ ലഹരി”: ‘കതിർ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ | Mohanlal Kathir Agriculture Project

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Mohanlal Kathir Agriculture Project

തിരുവനന്തപുരം: വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയിലേക്ക് അവരെ ആകർഷിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ‘കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ പ്രഖ്യാപിച്ചു (Mohanlal Kathir Agriculture Project). പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കതിര്‍ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും.

കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്താനുള്ള പദ്ധതിയെ മോഹൻലാൽ സ്വാഗതം ചെയ്തു. ‘കതിര്‍’ വലിയൊരു കാർഷിക വിപ്ലവമായി മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

കുട്ടികളുടെ ലഹരിയാകണം കൃഷി
കൃഷി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും വീടിനോടു ചേർന്ന് കൃഷി ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കുട്ടികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കതിര്‍ കാർഷിക ക്ലബ്ബ് പദ്ധതി ഏറെ പ്രാധാന്യമുള്ളതും സന്തോഷകരവുമാണ്. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനം പ്രോത്സാഹനജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൃഷിയാകണം കുട്ടികളുടെ ലഹരിയെന്ന് പറഞ്ഞ മോഹൻലാൽ, വെർച്വൽ ലോകത്തെ സ്ക്രീനുകളിൽനിന്ന് മാറി മണ്ണിലേക്കിറങ്ങാൻ കുട്ടികൾ തയ്യാറാകണമെന്നും ഓർമിപ്പിച്ചു. മാറ്റം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും പദ്ധതിക്ക് മോഹൻലാൽ വാഗ്ദാനം ചെയ്തു.

അടുത്ത അധ്യയനവർഷം എല്ലാ വിദ്യാലയങ്ങളിലും ക്ലബ്ബുകൾ
കതിര്‍ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ എത്തിയതോടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.

ആദ്യഘട്ടത്തിൽ 500 വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി, അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ക്ലബ്ബുകൾ ആരംഭിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നോഡൽ ഓഫീസർമാരെ നിയമിക്കും.

പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല പരിശീലനം തിരുവനന്തപുരത്ത് രണ്ടു ദിവസങ്ങളിലായി പൂർത്തിയാക്കിയിട്ടുണ്ട്.

Story Summary:
Actor Mohanlal has been named the brand ambassador of the Kerala Agriculture Department’s ‘Kathir’ project, implemented in association with the General Education Department to promote farming awareness among students. In the first phase, agricultural clubs will be formed in 500 schools. The department aims to extend the clubs to all schools in the state in the next academic year. Mohanlal has also offered the support of his Vishwashanthi Foundation.

Get more updates from Pudukad News on Google