“ഫെയ്സ്ബുക്ക് ലൈവിൽ വെളിപ്പെടുത്തലുകൾ, സുരക്ഷ ഉറപ്പാക്കിയില്ലെന്ന് ആരോപണം”: റാഞ്ചിയിൽ ആദിവാസി നേതാവ് നിഷ ഭഗത് മരിച്ച നിലയിൽ | Nisha Bhagat

Current: മലയാളം

റാഞ്ചി: ജാർഖണ്ഡിൽ ആദിവാസി അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന സാമൂഹിക പ്രവർത്തകയും രാഷ്ട്രീയ നേതാവുമായ നിഷ ഭഗതിനെ (Nisha Bhagat) റാഞ്ചിയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. മരണത്തിന് മുമ്പ് താൻ നേരിട്ട ദുരനുഭവങ്ങളും സുരക്ഷാ ആശങ്കകളും നിഷ ഫെയ്സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏകദേശം പത്തുമിനിറ്റ് നീണ്ട ലൈവിൽ ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചാണ് നിഷ സംസാരിച്ചത്. നിരന്തരം ശബ്ദമുയർത്തിയിട്ടും സമൂഹത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ലെന്നും തനിക്കൊപ്പം ആരുമില്ലെന്ന തോന്നലുണ്ടെന്നും അവർ പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപിച്ചു.
ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട ചിലർക്കെതിരെയും ഭരണസംവിധാനത്തിനെതിരെയും നിഷ ലൈവിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിഠോറിയ പൊലീസ് സ്റ്റേഷനിലെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആദിവാസി അവകാശങ്ങൾക്കായി സജീവമായി പ്രവർത്തിച്ചു
ഗുംല ജില്ലക്കാരിയായ നിഷ ഭഗത് ഉറാവ് ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ്. ആദിവാസികളുടെ സ്വത്വം, സംസ്കാരം, പാരമ്പര്യം, ഭൂമി എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെയാണ് അവർ ശ്രദ്ധേയയായത്. ജാർഖണ്ഡ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഹന്ദു ഭഗതാണ് പിതാവ്.
ദുർഗാപുരിൽ ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ നിഷ പിന്നീട് ബെംഗളൂരുവിൽ ജോലി ചെയ്തിരുന്നു. എന്നാൽ ആദിവാസി അവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു.
ആദിവാസികൾക്ക് പ്രത്യേക സർണ മതകോഡ് അനുവദിക്കുക, ജലം, വനം, ഭൂമി എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുക, ഛോട്ടാനാഗ്പുർ ടെനൻസി നിയമം, സാന്താൾ പർഗാന ടെനൻസി നിയമം, പെസ നിയമം എന്നിവ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിരവധി പ്രക്ഷോഭങ്ങളിൽ അവർ പങ്കെടുത്തു. ആദിവാസി സംവരണവുമായി ബന്ധപ്പെട്ട മതപരിവർത്തന വിഷയങ്ങളിലും നിഷ നിലപാടുകൾ സ്വീകരിച്ചിരുന്നു. 2025 ഡിസംബറിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്തതും ശ്രദ്ധിക്കപ്പെട്ടു.
ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ചയുമായി (JLKM) ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നിഷ 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുംല മണ്ഡലത്തിൽ മത്സരിച്ചിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാബുലാൽ മറാണ്ടി
നിഷയുടെ മരണത്തിൽ ബിജെപി നേതാവും ജാർഖണ്ഡ് പ്രതിപക്ഷ നേതാവുമായ ബാബുലാൽ മറാണ്ടി അന്വേഷണം ആവശ്യപ്പെട്ടു. നിഷ ഉന്നയിച്ച ആരോപണങ്ങൾ വിശദമായി പരിശോധിക്കണമെന്നും ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും മറാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മരണത്തിലേക്ക് നയിച്ച സാഹചര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്ക് ലൈവിൽ ഉന്നയിച്ച ആരോപണങ്ങളും പൊലീസിന് നൽകിയ പരാതികളുണ്ടോയെന്നതും പരിശോധിച്ചുവരികയാണ്. കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും മൊഴികളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്.
Story Summary: Tribal rights activist and political leader Nisha Bhagat was found dead at her residence in Ranchi, Jharkhand. Before her death, she had spoken in a Facebook Live session about alleged harassment, security concerns and her struggles for tribal rights. Police have launched an investigation, while BJP leader Babulal Marandi has demanded a CBI probe into the incident.











