വിവാഹ-ഉത്സവ സീസൺ: തോവാള പൂച്ചന്തയിൽ പൂക്കൾക്ക് തീവില; മല്ലികപ്പൂ വില കുതിച്ചുയർന്നു | Thovalai Flower Market Price Hike

Current: മലയാളം

കന്യാകുമാരി: തമിഴ്നാട്ടിലെ പ്രമുഖ പൂ വിപണിയായ കന്യാകുമാരി ജില്ലയിലെ തോവാള പൂച്ചന്തയിൽ പൂക്കളുടെ വില കുതിച്ചുയർന്നു (Thovalai Flower Market Price Hike). വരും ദിവസങ്ങളിലെ വിശേഷ ദിവസങ്ങളും ഉത്സവങ്ങളും തുടർച്ചയായ വിവാഹ മുഹൂർത്തങ്ങളും കണക്കിലെടുത്താണ് വിപണിയിൽ വൻ വിലവർധനവ് രേഖപ്പെടുത്തിയത്.
ചന്തയിൽ ആവശ്യക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടതോടെ മല്ലികപ്പൂവ് (പിച്ചി), അരളി, റോസ്, ജവന്തി തുടങ്ങിയ പ്രധാന പൂക്കളുടെയെല്ലാം വില മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികമായി. വരവ് കുറഞ്ഞതും ആവശ്യക്കാരുടെ എണ്ണം പെട്ടെന്ന് ഉയർന്നതുമാണ് വില വർധനവിന് പ്രധാന കാരണമായതെന്ന് കച്ചവടക്കാർ വ്യക്തമാക്കുന്നു.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരള അതിർത്തി ജില്ലകളിൽ നിന്നും നിരവധി വ്യാപാരികളും പൊതുജനങ്ങളുമാണ് പൂക്കൾ വാങ്ങാനായി തോവാളയിൽ എത്തുന്നത്. പൂക്കൾക്ക് പെട്ടെന്നുണ്ടായ ഈ വിലക്കയറ്റം സാധാരണക്കാരെയും ചെറുകിട പൂക്കച്ചവടക്കാരെയും ഒരുപോലെ വെട്ടിലാക്കിയിട്ടുണ്ട്.











