"> Skip to content
November 7, 2026
⌕

“വാർഡ് വിഭജനത്തിൽ ഇനി വീട്ടുനമ്പർ മാറില്ല, ദുരന്തനിവാരണത്തിന് കൂടുതൽ വേഗം”: സംസ്ഥാനത്ത് വീടുകൾക്ക് സ്ഥിരമായ ഡിജി ഡോർ നമ്പർ എന്ന് മന്ത്രി കെ.എം. ഷാജി | Digi Door scheme

November 7, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Digi Door scheme

കൊച്ചി: സംസ്ഥാനത്തെ വീടുകൾക്ക് സ്ഥിരമായ തിരിച്ചറിയൽ നമ്പർ നൽകുന്നതിനായി ഡിജി ഡോർ പദ്ധതി (Digi Door scheme) നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. വാർഡ് വിഭജന സമയത്ത് വീട്ടുനമ്പറുകൾ മാറുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജെയിൻ യൂണിവേഴ്സിറ്റിയും കൊച്ചി കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച ഫ്യൂച്ചർ കൊച്ചി കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരാസൂത്രണത്തിൽ വിദേശ മാതൃകകൾ അതേപടി പകർത്തുന്നത് ഗുണകരമാകില്ലെന്നും കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രൂപകൽപ്പനകളും നിർമ്മാണരീതികളുമാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കുട്ടികൾക്ക് ശുദ്ധജലം, മികച്ച ഗതാഗത സൗകര്യം, വയോധികർക്ക് സുരക്ഷിതമായ നടപ്പാതകൾ, യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ, സംരംഭകർക്ക് അനുകൂലമായ സാഹചര്യം എന്നിവ ഉറപ്പാക്കുന്നതാണ് യഥാർഥ നഗരവികസനമെന്ന് അദ്ദേഹം പറഞ്ഞു. ഭരണസമിതികളുടെ താൽപര്യങ്ങൾക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണമാണ് വേണ്ടത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ടുകൾ വികസന കാഴ്ചപ്പാടില്ലാതെ വാർഡ് മെമ്പർമാർക്ക് തുല്യമായി വീതിച്ചുനൽകുന്ന രീതിയെയും മന്ത്രി വിമർശിച്ചു.

കൊച്ചി 3ഡി ഡിജിറ്റൽ ട്വിൻ പദ്ധതിക്ക് പിന്തുണ
നഗരാസൂത്രണം കൂടുതൽ സുതാര്യമാക്കാൻ കൊച്ചി കോർപ്പറേഷൻ മുന്നോട്ടുവെച്ച ‘കൊച്ചി 3ഡി ഡിജിറ്റൽ ട്വിൻ’ പദ്ധതിക്ക് മന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചു. പദ്ധതിക്ക് അർബൻ ചലഞ്ച് ഫണ്ടിൽനിന്ന് പ്രഥമ പരിഗണന നൽകി തുക അനുവദിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

1,500 കോടി രൂപയുടെ വൈറ്റില സിവിക് സ്ക്വയർ പദ്ധതിയുടെ സാമ്പത്തിക സാധ്യതകൾ പരിശോധിച്ച് രണ്ടാം ഘട്ടത്തിൽ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊച്ചിയുടെ അതിർത്തി വികസിപ്പിക്കണമെന്ന് ഹൈബി ഈഡൻ
കൊച്ചിയുടെ വികസനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ പറഞ്ഞു. വരുംതലമുറയ്ക്കായി സുരക്ഷിതവും വ്യക്തവുമായ വികസനരേഖ തയ്യാറാക്കാൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണ്.

നഗരവികസനം വേഗത്തിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ ശാക്തീകരിക്കുകയും ഭരണപരമായ തടസ്സങ്ങൾ ഒഴിവാക്കുകയും വേണം. ഐടി, ടൂറിസം, വാണിജ്യം, ഗതാഗതം എന്നീ മേഖലകളിലെ കൊച്ചിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർവകലാശാലകൾക്കും വലിയ പങ്കുവഹിക്കാനാകുമെന്നും മേയർ പറഞ്ഞു.

നഗരത്തിന്റെ സമഗ്ര വികസനത്തിനായി കൊച്ചി കോർപ്പറേഷന്റെ അതിർത്തികൾ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹൈബി ഈഡൻ എം.പി. അഭിപ്രായപ്പെട്ടു. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വികസന പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രഫണ്ടുകൾ അനുവദിക്കുന്നത്. അതിനാൽ കൊച്ചിയുടെ അതിർത്തി വികസിപ്പിച്ചാൽ മാത്രമേ നഗരത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരവികസനത്തിൽ സർവകലാശാലകൾക്കും പങ്ക്
വിദേശ സർവകലാശാലകൾ അവയുടെ നഗരങ്ങളുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നതുപോലെ കൊച്ചിയുടെ വളർച്ചയ്ക്കും സാധ്യമായ എല്ലാ സംഭാവനകളും നൽകുകയാണ് ജെയിൻ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യമെന്ന് ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. മാറ്റത്തിന്റെ വക്താക്കളായി കേരളത്തിൽ പ്രവർത്തനമാരംഭിച്ച ജെയിൻ യൂണിവേഴ്സിറ്റിയുടെ സാമൂഹിക ഇടപെടലുകളിലെ പുതിയ ചുവടുവയ്പാണ് ഫ്യൂച്ചർ കൊച്ചി കോൺക്ലേവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ എംഎൽഎമാരായ ടോണി ചമ്മണി, ടി.ജെ. വിനോദ്, ദീപക് ജോയ്, ഉമ തോമസ്, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ തുടങ്ങിയവർ സംസാരിച്ചു. ആദ്യദിനം നടന്ന വിവിധ സെഷനുകളിൽ മുൻ മന്ത്രി കെ. ബാബു, എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി., ഫ്യൂച്ചർ കേരള മിഷൻ ചെയർ വേണു രാജാമണി തുടങ്ങിയവരും പങ്കെടുത്തു.

Story Summary : Kerala Local Self-Government Minister K.M. Shaji announced plans to introduce the Digi Door scheme to provide permanent identification numbers for houses across the state. Speaking at the Future Kochi Conclave, he said the initiative would prevent numbering changes during ward delimitation and support faster disaster response. He also backed Kochi Corporation’s 3D Digital Twin project and promised priority consideration for funding.

Get more updates from Pudukad News on Google