"> Skip to content
November 7, 2026
⌕

ഗാസയിൽ കനത്ത മഴയിൽ ആയിരക്കണക്കിന് അഭയാർഥി ടെന്റുകൾ വെള്ളത്തിലായി; ദുരിതത്തിലായി പലസ്തീൻ കുടുംബങ്ങൾ | Gaza rain floods displacement camps

November 7, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Gaza rain floods displacement camps

ഗാസ മുനമ്പിൽ ഈ സീസണിലെ ആദ്യ ശൈത്യകാല കൊടുങ്കാറ്റിനൊപ്പം പെയ്ത കനത്ത മഴയിൽ ആയിരക്കണക്കിന് അഭയാർഥി ടെന്റുകൾ വെള്ളത്തിലായി. താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്ന പലസ്തീൻ കുടുംബങ്ങൾ കൊടുംതണുപ്പിനിടയിൽ താമസസ്ഥലങ്ങൾ ഉപേക്ഷിച്ച് പുറത്തേക്ക് ഇറങ്ങേണ്ടിവന്നു. ശനിയാഴ്ച പുലർച്ചെ മഴ ആരംഭിച്ചതിന് പിന്നാലെ വെറും 10 മണിക്കൂറിനിടെ ഏകദേശം 1,500 അടിയന്തര സഹായ അഭ്യർഥനകൾ ലഭിച്ചതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു. (Gaza rain floods displacement camps)

ചില അഭയകേന്ദ്രങ്ങളിൽ വെള്ളം 30 മുതൽ 40 സെന്റിമീറ്റർ വരെ ഉയർന്നു. ഏതാനും അഭയകേന്ദ്രങ്ങൾ പൂർണമായും വെള്ളത്തിലായതോടെ അവിടെയുണ്ടായിരുന്നവരെല്ലാം പുറത്തേക്ക് മാറേണ്ടിവന്നതായി സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾ, വയോധികർ, രോഗികൾ എന്നിവരാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ കാറ്റിലും മഴയിലും ഇസ്രയേൽ ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കും കൂടുതൽ നാശനഷ്ടമുണ്ടായി. മധ്യ ഗാസയിലെ നുസൈറാത്തിൽ ഭാഗികമായി തകർന്ന കെട്ടിടത്തിൽനിന്ന് താമസക്കാരെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു. വടക്കൻ ഗാസയിൽ മറ്റൊരു കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്കേറ്റതായും വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗാസ സിറ്റി, ഖാൻ യൂനിസ്, ദേർ അൽ ബലാഹ് എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ ആളുകൾ വെള്ളക്കെട്ടിലൂടെ നടക്കുന്നതിന്റെയും കിടക്കകളും പുതപ്പുകളും നനഞ്ഞുപോയതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

തെക്കൻ ഗാസയിലെ അൽ മവാസി തീരമേഖലയിൽ മാത്രം ഒമ്പത് ലക്ഷത്തിലധികം അഭയാർഥികളാണ് കഴിയുന്നത്. വെള്ളിയാഴ്ച രാത്രി മുതൽ ഇവിടെ മഴ തുടരുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. തീരപ്രദേശങ്ങളിൽ കഴിയുന്ന 1.25 ലക്ഷത്തിലധികം കുടുംബങ്ങളുടെ ടെന്റുകൾ കടൽവെള്ളത്തിൽ ഒലിച്ചുപോകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗാസയിൽ 28,000ത്തിലധികം വിധവകൾ കുട്ടികളുമായി ഒറ്റയ്ക്ക് ശൈത്യകാലത്തെ നേരിടുകയാണെന്നും അൽ ജസീറ ചൂണ്ടിക്കാട്ടി. ശൈത്യകാലം ഒരു ദശലക്ഷത്തിലധികം അഭയാർഥികളെ അപകടത്തിലാക്കുന്ന സാഹചര്യത്തിൽ ഏകദേശം രണ്ട് ലക്ഷം ടെന്റുകളും ചൂട് നിലനിർത്താനുള്ള ഉപകരണങ്ങളും അടിയന്തരമായി ആവശ്യമാണെന്ന് ഗാസയുടെ അടിയന്തര ദുരിതാശ്വാസ സമിതി അറിയിച്ചു. അതേസമയം, രക്ഷാപ്രവർത്തകർക്ക് വിതരണം ചെയ്യാൻ ഒരു ടെന്റോ ടാർപോളിനോ പോലും ലഭ്യമല്ലെന്ന് ഗാസ സിവിൽ ഡിഫൻസ് ഡയറക്ടർ റാഇദ് അൽ ദഹ്ഷാൻ പറഞ്ഞു.

ഗാസയിലേക്ക് ആവശ്യമായ ദുരിതാശ്വാസ സാമഗ്രികളും താമസസൗകര്യത്തിനുള്ള വസ്തുക്കളും എത്തിക്കുന്നതിന് ഇസ്രയേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി സന്നദ്ധ സംഘടനകൾ ആരോപിക്കുന്നു. വെടിനിർത്തൽ ധാരണപ്രകാരം പ്രതിദിനം 600 ട്രക്കുകൾ പ്രവേശിക്കേണ്ടിടത്ത് 180 മുതൽ 200 വരെ ട്രക്കുകൾ മാത്രമാണ് എത്തുന്നതെന്ന് പലസ്തീൻ എൻജിഒ നെറ്റ്‌വർക്ക് ഡയറക്ടർ മുഹമ്മദ് സൽഹ പറഞ്ഞു. ഇതിൽ ഏകദേശം 40 ട്രക്കുകളിൽ മാത്രമാണ് മാനുഷിക സഹായ സാമഗ്രികളുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈജിപ്ത് അതിർത്തിയിൽ 50,000 ടെന്റുകൾ പ്രവേശനം കാത്തുകിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Summary: Heavy rains from Gaza’s first winter storm have flooded thousands of tents sheltering displaced Palestinian families. Civil Defence received around 1,500 distress calls in 10 hours, while aid agencies warn of an urgent shortage of tents and heating supplies.

Get more updates from Pudukad News on Google