കർണാടകയിൽ നിർമാണത്തിലിരുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറി; നാല് പേർക്ക് ദാരുണാന്ത്യം | Karnataka expressway accident

Current: മലയാളം

കർണാടകയിൽ സൂറത്ത്–ചെന്നൈ എക്സ്പ്രസ് വേയിൽ നിർമാണത്തിലിരുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറി നാല് പേർ മരിച്ചു. യാദ്ഗിർ ജില്ലക്കാരായ നാല് പേരാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഷഹാപുർ താലൂക്കിലെ ഇബ്രാഹിംപുരിന് സമീപമായിരുന്നു അപകടം. മഹാരാഷ്ട്രയിലെ തുളജാപുരിലുള്ള ഭവാനി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ശനിയാഴ്ച സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു സംഘം. ഇതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നിർമാണത്തിലിരുന്ന പാലത്തിന്റെ ഭാഗത്തേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. (Karnataka expressway accident)
അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഇവരും മരണത്തിന് കീഴടങ്ങി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നതായി പൊലീസ് അറിയിച്ചു. ഗുരുരാജ് സുരേഷ് ചവാൻ (29), റെഡ്ഡി ബഗ്ല റാത്തോഡ് (33), ഗോവിന്ദ സീതയ്യ ചവാൻ (28), കുമാർ രാമു റാത്തോഡ് (26) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഷഹാപുർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: Four people from Karnataka’s Yadgir district died after their car crashed into an under-construction bridge on the Surat-Chennai Expressway near Ibrahimpur. Two died at the scene, while the other two succumbed to their injuries in hospital.











