സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്; സൈന്യം സ്വദേശി സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രസ്താവന

ബാഗ്ഡോഗ്ര: പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര എയര്‍ഫീല്‍ഡില്‍ സായുധ സേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ദീപാവലി ആഘോഷിച്ചു.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി സൈനികര്‍ നല്കുന്ന സേവനങ്ങളെയും അവരുടെ അര്‍പ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു. ആധുനിക സാങ്കേതിക വിദ്യകള്‍ക്കൊപ്പം അച്ചടക്കവും ധീരതയുമാണ് സൈന്യത്തിന്റെ യഥാര്‍ത്ഥ ശക്തിയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജ്യത്ത് നിര്‍മ്മിച്ച ആയുധങ്ങളും സാങ്കേതികവിദ്യകളും സേന ഏറ്റെടുക്കുന്നത് ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ വലിയ വിജയമാണെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
ഡ്രോണുകള്‍, ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍, സൈബര്‍ സുരക്ഷ തുടങ്ങിയ നൂതന മേഖലകളില്‍ ഇന്ത്യന്‍ സൈനികര്‍ അതിവേഗം പരിശീലനം നേടി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിവിലിയന്‍ ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ച അദ്ദേഹം, സൈന്യവും സാധാരണക്കാരും തമ്മിലുള്ള ബന്ധം ശക്തമാകുന്നത് രാജ്യവിരുദ്ധ ശക്തികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.




