Skip to content
November 12, 2026
⌕

കോൺഗ്രസിന് ലഭിച്ച സംഭാവനകളിൽ 75 ശതമാനത്തിന്റെ വൻ ഇടിവ്. 2025-26 സാമ്പത്തിക വർഷത്തിൽ ലഭിച്ചത് 130.69 കോടി രൂപ മാത്രം. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വാർഷിക ഇടിവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ. ബി.ജെ.പിക്ക് 12 ഇരട്ടി അധികം സംഭാവന

November 9, 2026
Share this post to

ന്യൂഡൽഹി: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് (എ.ഐ.സി.സി) ലഭിക്കുന്ന രാഷ്ട്രീയ സംഭാവനകളിൽ വൻ ഇടിവ്.

തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് സമർപ്പിച്ച ഏറ്റവും പുതിയ സംഭാവനാ റിപ്പോർട്ട് പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകളിൽ 75 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2024-25) 517.39 കോടി രൂപ ലഭിച്ച സ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് വെറും 130.69 കോടി രൂപയായി ചുരുങ്ങി. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കോൺഗ്രസിന് സംഭാവനയിനത്തിലുണ്ടാകുന്ന ഏറ്റവും വലിയ വാർഷിക ഇടിവാണിത്.

ഇതിനുമുമ്പ് 2015-16 കാലയളവിലായിരുന്നു (86 ശതമാനം ഇടിവ്) സമാനമായ തിരിച്ചടി നേരിട്ടത്. 2023-24 സാമ്പത്തിക വർഷത്തിൽ 281.48 കോടി രൂപ ലഭിച്ചിരുന്ന കോൺഗ്രസ്, ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന 2024-25-ൽ ഇത് 517.39 കോടിയായി വർദ്ധിപ്പിച്ചിരുന്നു.

എന്നാൽ തൊട്ടടുത്ത വർഷം സംഭാവനകളിൽ കുത്തനെയുള്ള ഇടിവുണ്ടായി. അതേസമയം, 2024-25 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്ക് ലഭിച്ചത് 6,074.02 കോടി രൂപയുടെ സംഭാവനയായിരുന്നു. അതായത് കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 12 മടങ്ങിലധികം.

ബി.ജെ.പിയുടെ 2025-26 സാമ്പത്തിക വർഷത്തെ സംഭാവനാ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

കോൺഗ്രസിന്റെ മുഖ്യ ധനസ്രോതസ്സുകളിലൊന്നായ പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നുള്ള വിഹിതം കുത്തനെ ഇടിഞ്ഞതാണ് ഈ വൻ വീഴ്ചയ്ക്ക് പ്രധാന കാരണമായത്.

ട്രസ്റ്റിൽ നിന്നുള്ള സഹായത്തിൽ മുൻവർഷത്തേക്കാൾ 88 ശതമാനത്തോളം കുറവുണ്ടായി (216.34 കോടിയിൽ നിന്ന് 25 കോടിയായി ചുരുങ്ങി). കോൺഗ്രസിന്റെ പുതിയ റിപ്പോർട്ടിൽ ഇടംപിടിച്ച ഏക ഇലക്ടറൽ ട്രസ്റ്റും പ്രുഡന്റാണ്.

ഇതിനുപുറമെ സ്റ്റാർ സിമന്റ് (5 കോടി), സജ്ജൻ ഭജൻക (4 കോടി), പ്രേം കുമാർ ഭജൻക (2 കോടി) എന്നിവരാണ് പാർട്ടിക്ക് വലിയ തുക സംഭാവന നൽകിയ മറ്റ് പ്രമുഖർ.

മുൻ വർഷങ്ങളിൽ 2020-21-ൽ 74.52 കോടിയും, 2021-22-ൽ 95.46 കോടിയും, 2022-23-ൽ 79.92 കോടിയുമാണ് പാർട്ടിക്ക് സംഭാവനയായി ലഭിച്ചിരുന്നത് (ഇതിൽ അന്നത്തെ ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള വരുമാനം ഉൾപ്പെട്ടിരുന്നില്ല).

നിലവിൽ പുറത്തുവന്ന കണക്കുകൾ ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള വെളിപ്പെടുത്തിയ സംഭാവനകൾ മാത്രമാണെന്നും, പാർട്ടി കൂപ്പൺ വിൽപന, അംഗത്വ ഫീസ്, പലിശ തുടങ്ങിയവ വഴിയുള്ള മൊത്തം വരുമാനത്തിന്റെ ചിത്രം കോൺഗ്രസിന്റെ 2025-26-ലെ സമ്പൂർണ്ണ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവരുമ്പോൾ മാത്രമേ വ്യക്തമാകൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നു.

Get more updates from Pudukad News on Google