രാജസ്ഥാനിൽ എസ്.ഐ.ആർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഗുരുതര ക്രമക്കേടെന്ന് ആക്ഷേപം. 44 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റി, മരിച്ചതായി രേഖപ്പെടുത്തിയ 1.82 ലക്ഷം പേർ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തൽ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ 30 ലക്ഷം വോട്ടർമാരുടെ കുറവ്

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആർ) പിന്നാലെ രാജസ്ഥാനിൽ വൻതോതിൽ യഥാർത്ഥ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായി ഗുരുതര ആക്ഷേപം.
2026 ഫെബ്രുവരിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ അന്തിമ എസ്.ഐ.ആർ പട്ടിക പ്രകാരം രാജസ്ഥാനിലെ ആകെ വോട്ടർമാരുടെ എണ്ണം 5.47 കോടിയിൽ നിന്ന് 5.15 കോടിയായി കുത്തനെ കുറഞ്ഞിരുന്നു.
44.28 ലക്ഷം വോട്ടർമാരെ ഒഴിവാക്കുകയും 12.91 ലക്ഷം പേരെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്ത ഈ നടപടിയിൽ, 8.75 ലക്ഷം വോട്ടർമാരെ ‘മരണപ്പെട്ടു’ എന്ന കാരണം കാട്ടിയാണ് പട്ടികയിൽ നിന്ന് പുറത്താക്കിയത്.
എന്നാൽ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾക്കായി രാജസ്ഥാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ (എസ്.ഇ.സി) തയ്യാറാക്കിയ അതേ 199 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് എസ്.ഐ.ആറിലെ ഗുരുതരമായ വീഴ്ചകൾ പുറത്തുവന്നത്.
സംസ്ഥാന കമ്മീഷന്റെ പട്ടികയിൽ നിലവിൽ 5.45 കോടി വോട്ടർമാരുണ്ട്. ഇരു പട്ടികകളും തമ്മിൽ ഏകദേശം 30 ലക്ഷം വോട്ടർമാരുടെ വ്യത്യാസമാണ് കണ്ടെത്തിയിട്ടുള്ളത്.
ഇതിലും ഞെട്ടിക്കുന്ന വസ്തുത, എസ്.ഐ.ആർ നടപടികളിലൂടെ ‘മരിച്ചവരായി’ രേഖപ്പെടുത്തി പേര് വെട്ടിമാറ്റിയ 1.82 ലക്ഷത്തോളം വോട്ടർമാർ യഥാർത്ഥത്തിൽ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായതാണ്.
പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും, തദ്ദേശ തെരഞ്ഞെടുപ്പുകൾക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പ്രത്യേകം വോട്ടർ പട്ടികകളാണ് തയ്യാറാക്കുന്നത്.
രണ്ട് പട്ടികകളും ഒരേ സമയം പുതുക്കിയതാണ് ഈ പൊരുത്തക്കേടുകൾ തുറന്നുകാട്ടിയത്.
ഗർഹി മണ്ഡലത്തിൽ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ 4,889 പേരും സിരോഹിയിൽ ഇത്തരത്തിൽ നീക്കം ചെയ്ത 4,624 പേരും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ള ജീവിച്ചിരിക്കുന്നവരാണെന്ന് സ്ഥിരീകരിച്ചു.
ഈ വോട്ടർമാർക്ക് പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെങ്കിലും, വരാനിരിക്കുന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശം പൂർണ്ണമായും നഷ്ടപ്പെടുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.




