മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരായ തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കത്തിൽ വിമർശനവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; സുപ്രീംകോടതി ഉത്തരവ് കണ്ടില്ലേയെന്ന് ചോദ്യം. അണക്കെട്ട് നിർമാണം കർണാടകത്തിന്റെ അധികാരപരിധിയിലാണെന്നും തമിഴ്നാടിന് നൽകേണ്ട വെള്ളത്തിൽ കുറവുണ്ടാകില്ലെന്നും വിശദീകരണം

ബംഗളൂരു: മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ. സുപ്രീംകോടതി ഉത്തരവ് കണ്ടില്ലേ എന്ന് ഡികെ ചോദിച്ചു. ഉദ്യോഗസ്ഥർ ജോസഫ് വിജയ്യെ കാര്യങ്ങൾ ധരിപ്പിക്കും എന്നാണ് പ്രതീക്ഷ.
മോദിക്ക് വിജയ് കത്തെഴുതിയ വിഷയത്തിലാണ് പരാമർശം. ഡാം നിർമാണം കർണാടകത്തിന്റെ അധികാര പരിധിയിൽപ്പെട്ട കാര്യമാണ്. തമിഴ്നാടിന് നൽകുന്ന വെള്ളത്തിൽ കുറവ് വരുത്തില്ല. വേണമെങ്കിൽ പദ്ധതി പ്രദേശം സന്ദർശിക്കാമെന്നും ഡികെ പറഞ്ഞു.
മേക്കെദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ നടത്തിയതായി പറയപ്പെടുന്ന സൈറ്റ് സന്ദർശനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചിരുന്നു. കാവേരി നദീജല പങ്കിടലിൽ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ പദ്ധതിക്ക് യാതൊരുവിധ സ്റ്റാറ്റ്യൂട്ടറി അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് അനുമതികളും നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാവേരി ഡെൽറ്റ മേഖലയിലെ കർഷകർ ഇതിനോടകം തന്നെ കടുത്ത ജലക്ഷാമത്തെ തുടർന്ന് ബുദ്ധിമുട്ടിലാണെന്നും ഇതിനിടയിൽ കേന്ദ്ര ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെന്നും കത്തിലൂടെ ചൂണ്ടിക്കാണിച്ചു.
2026-27 വർഷത്തിലെ ജലക്ഷാമത്തിനിടയിലും കർണാടക തമിഴ്നാടിനുള്ള അർഹമായ ജലം നൽകാൻ തയ്യാറാകുന്നില്ലെന്നും, സുപ്രീം കോടതി വിധിച്ച പ്രകാരമുള്ള ജലവിതരണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




