ജടായുവിന്റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എർത്ത് സെന്ററിലേക്ക് സന്ദർശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്

തിരുവനന്തപുരം: ഇതിഹാസകാവ്യമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത സിനിമയായ രാമായണം പാര്‍ട്ട് വണ്‍ തിയേറ്ററിലെത്തിയ പശ്ചാത്തലത്തില്‍ കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിലെ ജടായു ശില്പത്തെ ശ്രദ്ധയില്‍പെടുത്തി മുഖ്യമന്ത്രി വി.ഡി സതീശന്.
ഈ സിനിമയിലൂടെ ജടായു എന്ന ഇതിഹാസ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ആദരവ് ഉണര്‍ത്താനും സാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ആകര്‍ഷകമായ ടൂറിസം കേന്ദ്രമായ ജടായുപ്പാറ സന്ദര്‍ശിക്കാനും ഇതിഹാസകഥ നേരിട്ടറിയാനും എല്ലാവരെയും ക്ഷണിക്കുന്നതായി മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.
സത്യത്തെയും ഒരു സ്ത്രീയുടെ അഭിമാനത്തെയും സംരക്ഷിക്കാന്‍ വേണ്ടി ജീവന് നല്കിയ ജടായുവിനോടുള്ള ആദരവ് രാമായണം സിനിമയിലൂടെ ഇന്ത്യയിലുടനീളം വീണ്ടും ഉണര്ത്തിയിരിക്കുന്നുവെന്നും ഈ ത്യാഗം ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും കുറിപ്പില്‍ പറയുന്നു.
ധീരതയുടെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമായ ജടായുവിന്റെ ഓര്‍മ്മ പ്രതിഫലിപ്പിക്കുന്ന ശില്‍പ്പം കേരളത്തില്‍ നിലനില്ക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. മനോഹരമായ ജഡായു എര്‍ത്ത് സെന്റര്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്നും സിനിമ കണ്ട എല്ലാവരെയും ജടായുപ്പാറയില്‍ നേരിട്ടെത്തി അത് അനുഭവിച്ചറിയാന്‍ ക്ഷണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ജടായു എര്‍ത്ത് സെന്ററിലെ മുഖ്യ ആകര്‍ഷണമാണ് ജടായു ശില്പ്പമെന്ന് ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. നിരവധി സന്ദര്‍ശകരാണ് ഈ ശില്‍പ്പം കാണാനായി എത്തുന്നത്.
രാമായണം സിനിമ ജടായുവിന് ഇതിഹാസ സമാനമായ ഓര്‍മ്മപ്പെടുത്തല്‍ നല്കുമ്പോള് ജടായുപ്പാറയിലേക്കുള്ള സന്ദര്‍ശകരുടെ വരവ് ഇനിയും വര്‍ധിച്ചേക്കും. ഇത് പുതിയ ടൂറിസം സീസണില്‍ കേരളത്തിന് കൂടുതല്‍ ഉണര്‍വേകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതിയുള്ള ജടായു എര്‍ത്ത് സെന്ററിലെ ജടായു ശില്‍പ്പം ചലച്ചിത്ര സംവിധായകനും ശില്പ്പിയുമായ രാജീവ് അഞ്ചലും സംഘവും ചേര്‍ന്നാണ് നിര്‍മിച്ചത്.
ഇടതു ചിറകറ്റ് വലതു ചിറക് വിടര്‍ത്തി കൊക്കും കാല്നഖങ്ങളുമുയര്ത്തി കിടക്കുന്ന രൂപത്തിലാണ് ശില്‍പ്പം. പക്ഷിശില്‍പത്തിന് 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട്. കൂറ്റന്‍ ശില്‍പ്പത്തില്‍ രാമായണ കഥയുടെ വിവരണവുമുണ്ട്.
രാമായണം സിനിമ പുറത്തിറങ്ങിയതോടെ ഈ ശില്‍പ്പം സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടിയിരുന്നു. സീതയെ രാവണന് തട്ടിക്കൊണ്ടുപോകുമ്പോള്‍ ജടായുവും രാവണനും തമ്മിലുണ്ടായ പോരാട്ടത്തിന്റെ അനന്തരഫലത്തെയാണ് ശില്‍പ്പം ആവിഷ്കരിക്കുന്നത്. ഇതിഹാസകഥയില്‍ സീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ജടായുവിനെ രാവണന് പരാജയപ്പെടുത്തുകയും ചിറകുകള് മുറിച്ചുമാറ്റുകയും ചെയ്യുന്നു.
Get more updates from Pudukad News on Google




