വൃക്ക തകരാർ; ഗുരുതര ആരോഗ്യ പ്രശ്‌നം

ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുന്ന അവയവമായ വൃക്കകളുടെ (കിഡ്നി) പ്രവർത്തനം തകരാറിലാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നമാണ്.
പ്രധാനമായും രണ്ട് രീതിയിലാണ് വൃക്കകളുടെ തകരാറുകൾ.
അക്യൂട്ട് കിഡ്നി ഇൻജുറി (പെട്ടെന്നുണ്ടാകുന്ന തകരാർ),, ക്രോണിക് കിഡ്നി ഡിസീസ് (വിട്ടുമാറാത്ത രോഗം).
പ്രധാന കാരണങ്ങൾ
• പ്രമേഹം: വൃക്കസ്തംഭനത്തിനുള്ള ഏറ്റവും പ്രധാന കാരണം അനിയന്ത്രിതമായ പ്രമേഹമാണ്.
• ഉയർന്ന രക്തസമ്മർദ്ദം: രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തി ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.
• മരുന്നുകളുടെ അമിത ഉപയോഗം: ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനസംഹാരികൾ, ചില ആന്റിബയോട്ടിക്കുകൾ എന്നിവ നിരന്തരം കഴിക്കുന്നത്.
• നിർജ്ജലീകരണവും അണുബാധയും: ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതിരിക്കുകയോ കഠിനമായ മൂത്രനാളി അണുബാധയോ ഉണ്ടാകുന്നത്.
• തടസ്സങ്ങൾ: വൃക്കയിലെ കല്ല്, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം എന്നിവ മൂലം മൂത്രതടസ്സം ഉണ്ടാകുന്നത്.
പ്രാരംഭ ലക്ഷണങ്ങൾ
തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല, എങ്കിലും താഴെ പറയുന്നവ ശ്രദ്ധിക്കേണ്ടതാണ്.
• മൂത്രത്തിലെ മാറ്റങ്ങൾ: മൂത്രത്തിന്റെ അളവ് കുറയുക, രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കുക, മൂത്രത്തിൽ പതയോ രക്തത്തിന്റെ സാന്നിധ്യമോ കാണുക.
• ശരീരത്തിലെ വീക്കം: മുഖം, കണ്ണുകൾക്ക് ചുറ്റും, കൈകാലുകൾ, കണങ്കാൽ എന്നിവടങ്ങളിൽ ഉണ്ടാകുന്ന വീക്കം.
• കഠിനമായ ക്ഷീണം: രക്തക്കുറവ് മൂലമുണ്ടാകുന്ന ബലഹീനതയും ശ്വാസതടസ്സവും.
• ഓക്കാനവും ഛർദ്ദിയും: ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടുന്നത് കാരണം വിശപ്പില്ലായ്മയും ഛർദ്ദിയും അനുഭവപ്പെടുക.
• ചർമ്മത്തിലെ ചൊറിച്ചിൽ: ചർമ്മം വരണ്ടുപോവുകയും കഠിനമായ ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യുക.




