‘ബച്ചന്റെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്’ ; ബോളിവുഡ് താരങ്ങളുടെയും ചലച്ചിത്രമേഖലയുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര-മഹാരാഷ്ട്ര സർക്കാരുകൾ പരാജയപ്പെട്ടെന്ന് കോൺഗ്രസ്. ഗ്ലാസ് ഒഴിവാക്കിയതുകൊണ്ട് മാത്രം സിനിമാതാരങ്ങളുടെ ഭയം മാറില്ലെന്നും ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണികൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെടണമെന്നും ആവശ്യം

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആരാധകരെ കാണാൻ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുമായി വന്ന സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത്.
സിനിമമേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന് വന്ന പിഴവാണിതെന്നും, കേന്ദ്രത്തിൽ മോദിയും മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും നയിക്കുന്ന “ഡബിൾ എൻജിൻ” സർക്കാറിൻ്റെ പരാജയവുമാണിതെന്നും സച്ചിൻ സാവന്ത് വിമർശിച്ചു.
ഗ്ലാസ് പിന്നീട് ഒഴിവാക്കിയതിന് കാരണം ജനങ്ങളുടെ വിമർശനമാണോ ബിജെപിയുടെ സമ്മർദ്ദമാണോയെന്ന് ചോദിച്ച അദ്ദേഹം, അത് ബച്ചന് തന്നെ അറിയാമായിരിക്കുമെന്നും പറഞ്ഞു.
ഗ്ലാസ് ഒഴിവാക്കിയത് കൊണ്ട് മാത്രം ബോളിവുഡ് താരങ്ങളുടെയും കലാകാരുടെയും സംവിധായകരുടെയും പേടി എങ്ങനെ മാറുമെന്നാണ് സച്ചിൻ സാവന്തിൻറെ ചോദ്യം. ചലച്ചിത്രമേഖലയ്ക്ക് സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നയാൾ ഗുജറാത്തിലെ സബർമതി ജയിലിൽ സുഖിച്ച് കഴിയുകയാണെന്ന്,ലോറൻസ് ബിഷ്ണോയിയുടെ പേര് നേരിട്ട് പരാമർശിക്കാതെ അദ്ദേഹം ആരോപണമുന്നയിക്കുകയും ചെയ്തു.
മുംബൈയിലെ ജുഹുവിലുള്ള ജൽസ ബംഗ്ലാവിന് പുറത്തുകൂടുന്ന ആരാധകരെ അമിതാഭ് ബച്ചൻ പതിവായി കാണാറുണ്ട്. എന്നാൽ കഴിഞ്ഞ ആഴ്ച നടൻറെ വസതിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് കാണിച്ച് മുംബൈ മേയർക്ക് ലഭിച്ച ഇമെയിൽ സന്ദേശത്തെ തുടർന്നാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുമായി നടൻ എത്തിയത്.
ഇത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ബിജെപി സർക്കാരിൻറെ കീഴിൽ രാജ്യത്തെ ക്രമസമാധാനം പാടെ തകർന്നതിൻ്റെ തെളിവാണ് ഇതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
അടുത്തിടെ നിരവധി ബോളിവുഡ് താരങ്ങൾക്ക് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിൻ്റെ പേരിൽ വധഭീഷണികൾ ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 18ന് നടൻ ടൈഗർ ഷ്രോഫിൻ്റെ കാറിന് നേരെ രണ്ട് പേർ വെടിയുതിർത്തിരുന്നു.




