“ബലാത്സംഗ പരാതി താൻ നൽകിയ കേസിനെ പ്രതിരോധിക്കാൻ കെട്ടിച്ചമച്ചതെന്ന് ആരോപണം”: കടവന്ത്ര ബ്ലാക്ക്മെയിലിങ് കേസിൽ ഡോ. ജോൺസൺ കെ. വർഗീസ് മുൻകൂർ ജാമ്യാപേക്ഷ നൽകി; നടിയടക്കം മൂന്ന് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ | Kadavanthra blackmail case

കൊച്ചി: കടവന്ത്ര ബ്ലാക്ക്മെയിലിങ് കേസിൽ ആരോപണവിധേയനായ ഡോ. ജോൺസൺ കെ. വർഗീസ് മുൻകൂർ ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉയർന്ന ബലാത്സംഗ പരാതി, താൻ നൽകിയ കേസിനെ പ്രതിരോധിക്കാനായി കെട്ടിച്ചമച്ചതാണെന്നാണ് ഡോക്ടറുടെ ആരോപണം.
അതേസമയം, ഡോക്ടറെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടിയടക്കം മൂന്ന് പേരെ കടവന്ത്ര പൊലീസ് കസ്റ്റഡിയിൽ വിട്ടു. നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ.ബി. വിഷ്ണു (31) എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തും.
മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്ന് പരാതി
ബന്ധുവായ അമ്പതുകാരിക്ക് അസുഖമാണെന്നും അടിയന്തര ചികിത്സ ആവശ്യമാണെന്നും പറഞ്ഞ് ഡോക്ടറെ വിളിച്ചുവരുത്തി മർദിച്ചെന്നാണ് പരാതി. ബന്ധുവിനെ പീഡിപ്പിച്ച വിവരം പുറത്തുപറയാതിരിക്കാൻ മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും ഡോക്ടർ പരാതിയിൽ ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിയെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.
ബലാത്സംഗ പരാതിയിൽ ഡോക്ടർ ഒളിവിൽ
നടിയുടെ ബന്ധുവായ അമ്പതുകാരിയെ മദ്യം നൽകി മയക്കിയശേഷം ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഡോ. ജോൺസൺ ഒളിവിലാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
അമ്പതുകാരിയുടെ മൊഴി കടവന്ത്ര പൊലീസ് ഉടൻ രേഖപ്പെടുത്തും. ഇവരുടെ കൈവശം ഫോൺ എങ്ങനെ എത്തിയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മൊഴിയെടുക്കുന്നത്. ഈ ഫോൺ ഹാജരാക്കിയാണ് അമ്പതുകാരി ഇൻഫോപാർക്ക് പൊലീസിൽ ഡോക്ടർക്കെതിരെ പരാതി നൽകിയത്.
ഫോണിൽനിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഫോൺ പരാതിക്കാരിക്ക് എങ്ങനെ ലഭിച്ചുവെന്നും ചിത്രങ്ങൾ ആരുടേതാണെന്നുമടക്കമുള്ള കാര്യങ്ങൾ നടിയോടും മറ്റ് പ്രതികളോടും ചോദിച്ചറിയാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.
Story Summary:
Dr. Johnson K. Varghese has filed an anticipatory bail plea in the Kadavanthra blackmail case, alleging that the rape complaint against him was filed to counter his own complaint. Meanwhile, actress Athulya Chandra, actor Bibin Perumpilly and K.B. Vishnu have been remanded to police custody in connection with allegations of attempting to extort money from the doctor. A separate rape allegation involving the actress’s 50-year-old relative is also under investigation.




