Skip to content
November 11, 2026
⌕

കൊച്ചിയിൽ പതിനേഴുകാരന് നേരെ ക്രൂര മർദനം; കേസിൽ അറസ്റ്റിലായ വീട്ടമ്മ റിമാൻഡിൽ, നാല് പ്രായപൂർത്തിയാകാത്തവരെ കൗൺസലിങ് നിർദേശത്തോടെ വിട്ടയച്ചു | Kochi assault case

November 9, 2026
Share this post to
Kochi assault case

കൊച്ചി: ഇൻസ്റ്റഗ്രാം സന്ദേശത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പതിനേഴുകാരനെ ക്രൂരമായി മർദിച്ച കേസിൽ ഉൾപ്പെട്ട നാല് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി (Kochi assault case). മൂന്ന് പേരെ രക്ഷിതാക്കൾക്കൊപ്പവും കേസിൽ അറസ്റ്റിലായ വീട്ടമ്മയുടെ മകനെ സഹോദരിക്കൊപ്പവും നിബന്ധനകളോടെ വിട്ടയച്ചു.

കുട്ടികൾക്ക് കൗൺസലിങ് ഉറപ്പാക്കണമെന്ന് ബോർഡ് രക്ഷിതാക്കൾക്ക് നിർദേശം നൽകി. കേസിൽ അറസ്റ്റിലായ വീട്ടമ്മയെ കോടതി റിമാൻഡ് ചെയ്തിരുന്നു. കുട്ടികളുടെയും പരാതിക്കാരനായ പതിനേഴുകാരന്റെയും മൊഴി രേഖപ്പെടുത്തുമെന്ന് എളമക്കര പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ വീട്ടമ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കൊലപാതകശ്രമം, നിയമവിരുദ്ധമായി സംഘംചേരൽ, ക്രിമിനൽ ഭീഷണി, അന്യായമായി തടങ്കലിൽവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വീട്ടമ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരൻ ചികിത്സയിൽ തുടരുകയാണ്.

തർക്കം പരിഹരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി

ഇൻസ്റ്റഗ്രാം സന്ദേശത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം പതിനേഴുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മുമ്പ് ഒരേ സ്ഥലത്ത് താമസിച്ചിരുന്നവരാണ് ഇവർ.

ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി പതിനേഴുകാരന്റെ പേരിൽ എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നിരുന്നു. ഗെയിമിങ്ങിനും മറ്റുമായി ഉപയോഗിച്ചിരുന്ന പതിനേഴുകാരന്റെ ഫോൺ കേടായതിനെത്തുടർന്ന് പുതിയ മൊബൈൽ വാങ്ങി. ഇതിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നപ്പോഴാണ് അക്കൗണ്ടിൽനിന്ന് അശ്ലീല സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയത്.

ഇതിനെച്ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് ക്രൂരമായ മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Story Summary:
Four minors involved in the assault of a 17-year-old boy over an Instagram messaging dispute were produced before the Juvenile Justice Board and released under conditions. Three were handed over to their parents, while the son of an arrested woman was released with his sister. The woman has been remanded. The victim, who suffered serious injuries, is undergoing treatment.

Get more updates from Pudukad News on Google