ഹരിദ്വാറിലേക്ക് തീർഥാടനത്തിന് പോയ ആറ് സുഹൃത്തുക്കൾ കാറിന് തീപിടിച്ച് വെന്തുമരിച്ചു | Muzaffarnagar car accident

മുസഫർനഗർ: ഹരിദ്വാറിലേക്ക് തീർഥാടനത്തിന് പുറപ്പെട്ട ആറ് സുഹൃത്തുക്കൾ കാറപകടത്തിൽ വെന്തുമരിച്ചു (Muzaffarnagar car accident). ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു ദുരന്തം. ഹരിയാനയിലെ ഹാൻസി സ്വദേശികളായ യുവാക്കളാണ് മരിച്ചത്.
സോംവതി അമാവാസിയോടനുബന്ധിച്ച് ഗംഗയിൽ സ്നാനം ചെയ്യുന്നതിനായി ഹരിദ്വാറിലേക്ക് പോവുകയായിരുന്നു സംഘം. അമിതവേഗത്തിലെത്തിയ കാർ വൈദ്യുതിത്തൂണിലും റോഡ് ഡിവൈഡറിലും ഇടിച്ച് മറിഞ്ഞതിനെത്തുടർന്ന് തീപിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന ആറുപേർക്കും പുറത്തുകടക്കാനായില്ല.
പുലർച്ചെ 4.50ഓടെ അപകടം
പാനിപ്പത്ത്–ഖട്ടിമ ദേശീയപാതയിൽ ജഗ്ഗാഹേരി ടോൾ പ്ലാസയ്ക്ക് സമീപം പുലർച്ചെ 4.50ഓടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അപ്പോഴേക്കും ആറുപേരും മരിച്ചിരുന്നു.
സാഹിൽ (20), രാഹുൽ (23), അമൻ (21), അജയ് (21), അങ്കിത് (21), മറ്റൊരു അങ്കിത് (21) എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ രാഖി ഗഢിയിലും സമീപ ഗ്രാമങ്ങളിലുമുള്ളവരാണ് ഇവർ. മരിച്ചവരിൽ ചിലർ വിദ്യാർഥികളും മറ്റുള്ളവർ ജോലി ചെയ്ത് കുടുംബം പുലർത്തുന്നവരുമായിരുന്നു.
ദേശീയപാതയിൽ ഗതാഗതക്കുരുക്ക്
അപകടത്തിൽ വൈദ്യുതിത്തൂൺ തകരുകയും റോഡ് ഡിവൈഡറിന്റെ പത്തുമീറ്ററോളം ഭാഗം നശിക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.
Story Summary :
Six friends from Haryana died after their car crashed into an electric pole and a road divider and caught fire near the Jaggaheri toll plaza in Uttar Pradesh’s Muzaffarnagar district. The group was travelling to Haridwar for a holy dip in the Ganga on Somvati Amavasya. The vehicle was completely gutted, and none of the six occupants could escape.




