Skip to content
November 11, 2026
⌕

മലയാളം വാർത്താ ചാനലുകളുടെ നിലവാരത്തകർച്ച തുറന്നുകാട്ടി അവതാരകരുടെ ഗുരുതര അബദ്ധങ്ങൾ; മാതൃഭൂമി ന്യൂസിൽ ശ്രീജാ ശ്യാമിന്റെ വിവാദ പരാമർശവും ട്വന്റിഫോറിൽ അസിതാ സഹീറിന്റെ ക്രിക്കറ്റ് പരാമർശവും ചർച്ചയാകുന്നു; അടിസ്ഥാന അറിവും മാധ്യമ ധാർമ്മികതയും ചോദ്യം ചെയ്യപ്പെടുന്നു; അവതാരകരുടെ പിഴവുകളിൽ എഡിറ്റോറിയൽ നേതൃത്വത്തിന്റെ മൗനവും വിമർശനവിധേയമാകുന്നു; ചാനലുകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ അടിയന്തര ഇടപെടൽ വേണം.

November 10, 2026
Share this post to

കോട്ടയം: മലയാളത്തിലെ വാർത്താ ചാനലുകളുടെ നിലവാരത്തകർച്ചയെ കുറിച്ചുളള വിമർശനം ശരിവെച്ചുകൊണ്ട് ഭീമാബദ്ധങ്ങളുടെ ഘോഷയാത്ര നടത്തി ചാനൽ അവതാരകർ.

മാധ്യമ പ്രവർത്തനത്തിൻെറ മേലങ്കിയണിഞ്ഞ് നടക്കുന്നവരിൽ നിന്ന് ഒരുതരത്തിലും ഉണ്ടാകാൻ പാടില്ലാത്ത അബദ്ധങ്ങൾ എഴുന്നെളളിച്ച് കൊണ്ടാണ് ചാനൽ നിലവാരം പാതാളത്തോളം താഴ്ത്തുന്നത്.

മാതൃഭൂമി ന്യൂസിലെ പരിചയ സമ്പന്നയായ അവതാരക ശ്രീജാ ശ്യാമും ട്വൻറി ഫോർ ന്യൂസിലെ യുവ അവതാരക അസിതാ സഹീറുമാണ് അബദ്ധങ്ങൾ വിളമ്പി കുപ്രസിദ്ധി നേടിയിരിക്കുന്നത്.


കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പീഡന കേസിൽ അറസ്റ്റിലായ പശ്ചാത്തലത്തിൽ കുട്ടികൾക്കെതിരെ നടക്കുന്ന പീഡനങ്ങളെ കുറിച്ച്  മാതൃഭൂമി ന്യൂസിലെ എഡിറ്റോറിയൽ ചർച്ചയിൽ സംസാരിക്കുമ്പോഴാണ് 15 കൊല്ലത്തോളം മാധ്യമ പ്രവർത്തന പരിചയമുളള ശ്രീജാ ശ്യാം നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അബദ്ധ പരാമർശം നടത്തിയത്. 


ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച വാർത്ത കൈകാര്യം ചെയ്തപ്പോഴാണ് അസിതാ സഹീറിന് കൈയ്യബദ്ധം പിണഞ്ഞത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു എന്നാണ് ന്യൂസ് ഡസ്കിൽ ഇരുന്ന് അസിത അടിച്ചു വിട്ടു.

ഗ്രാഫിക്സ് കാർഡായി എയറിൽ വന്നപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്.ന്യൂസ് ഡസ്കിൽ ഇരുന്ന് ആരാണ് പൊട്ടത്തെറ്റ് അടിച്ചുവിടുന്നതെന്ന് നാട്ടുകാർ അറിയാറില്ലെങ്കിലും അബദ്ധം വരുത്തിയത് അസിതയാണെന്ന വിവരം ട്വൻറിഫോർ ന്യൂസിൽ നിന്ന് അപ്പോൾത്തന്നെ ചോർന്ന് പുറത്തെത്തി.

ബിഗ് ടിവി എഡിറ്റോറിയൽ ബോർഡ് അംഗം അപർണ കുറുപ്പ് ചർച്ചയിൽ അബദ്ധം വിളമ്പി കൈപൊളളിയിട്ട് അധികനാൾ കഴിയുന്നതിന് മുൻപാണ് മാതൃഭൂമി ന്യൂസിലെ ശ്രീജയും ട്വൻറിഫോറിലെ അസിതയും വിവരക്കേടിൻെറ പുതിയ അധ്യായം തുറന്നത്.


മാധ്യമ പ്രവർത്തനത്തെ കുറിച്ച് പൊതുസമൂഹത്തിനുണ്ടായിരുന്ന മതിപ്പ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമയത്ത് പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകർ തന്നെ ഇത്തരം അബദ്ധങ്ങൾ പടയ്ക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം.


ഈ മാസം 4ന് മാതൃഭൂമി ന്യൂസിലെ രാഷ്ട്രീയ വൃത്തം എന്ന പേരിലുളള എഡിറ്റോറിയൽ അംഗങ്ങൾ പങ്കെടുക്കുന്ന ചർച്ചയിലാണ് ബാലപീഡനത്തെ കുറിച്ച് ശ്രീജാ ശ്യാം തൻെറ അറിവ് വിളമ്പിയത്.

ഒരു ചെറിയ വ്യക്തിപരമായ അനുഭവം പറയാമെന്ന ആമുഖത്തോടെയാണ് ശ്രീജാ ശ്യാം മാധ്യമ പ്രവർത്തക പോട്ടെ, പ്രാഥമിക നിയമ പരിജ്ഞാനം പോലുമുളളയാൾ പറയാൻ പാടില്ലാത്ത വിവരദോഷം ഭാവതീവ്രത മുറ്റുന്ന മുഖഭാവങ്ങളോടെ അവതരിപ്പിച്ചത്. 

” എൻെറ ഏറ്റവും അടുത്ത സുഹൃത്ത് ഒരു അധ്യാപികയാണ്,അപ്പോ, പാലക്കാട് ജില്ലയിലെ ഒരു നാട്ടിൻപുറത്തുളള ഒരു വലിയ ഗവൺമെൻറ് സ്കൂൾ, പേരുകേട്ട ഒരു ഗവൺമെൻറ് സ്കൂളിലാണ് അവള് ഒരുപാട് കാലം  പഠിപ്പിച്ചുകൊണ്ടിരുന്നത്.


അതിനടുത്ത് തന്നെ ഒരു മുസ്ളിം യത്തീംഖാനയുണ്ട്.അപ്പോ അവിടത്തെ കുട്ടികളെല്ലാം സ്ഥിരമായി ഇവിടേക്കാണ് വരാറുളളത്.ഈ ഇവളൊരു പുതിയ ടീച്ചറായി ചെന്ന സമയത്ത് ഈ 8ാം ക്ളാസിലെ കുട്ടികളൊക്കെ എപ്പോഴുമിരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കുന്നുണ്ട്, ഉച്ചസമയമൊക്കെ ആകുമ്പോൾ ആൺകുട്ടികൾ ഇരുന്ന് ഉറങ്ങാണ്.


ഇത് എന്താണ് എന്ന് അന്വേഷിച്ച് തുടങ്ങുമ്പോഴാണ് , ഇതിൽ 8ാം ക്ലാസിലെ കുട്ടികൾ മാത്രമേ തുറന്ന് പറയുളളു കാരണം വലിയ ക്ലാസിലാകുമ്പോഴേക്കും കുട്ടികൾ ഒന്നും തുറന്ന് പറയില്ല.

എട്ടാം ക്ലാസിലെ കുട്ടികൾ ടീച്ചർമാരോട് കുറച്ചൂടെ അടുപ്പത്തിലാണ് ഒന്നുമില്ല നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാകുകയാണ് ഈ യത്തീം ഖാനയിലെ കുട്ടികൾ.

ഇതെനിക്ക് നേരിട്ട് അനുഭവമുളളതാണ്.നമ്മളിത് പറയുന്നത് കൊണ്ട് വലിയ രീതിയിൽ തെറ്റിദ്ധരിക്കപ്പെടാനോ വ്യാഖ്യാനിക്കപ്പെടാനോ ഒക്കെ സാധ്യതയുണ്ട്, പക്ഷേ ഇതെനിക്ക് നേരിട്ട് അറിവുളളതാണ്.അവിടെ കുട്ടികൾ പീഡിപ്പിക്ക പെടുന്നുണ്ട്, പക്ഷേ ഈ കുട്ടികളാരും ഇത് തുറന്ന് പറയില്ല.


ഒൻപതാം ക്ളാസിലേക്ക് ആകുമ്പോഴേക്കും പത്തിലേക്ക് ആകുമ്പോഴേക്കും പീഡകരുടെ കൂട്ടത്തിലേക്ക് ഈ കുഞ്ഞുങ്ങളും കൂടി മാറുകയാണ്.കാരണം ഇതല്ലാതെ ആസിസ്റ്റത്തിൽ നിന്ന് പുറത്തുവരാൻ വേറെ വഴിയില്ല.അപ്പോ എന്തുകൊണ്ടാണ് നിങ്ങൾക്കാർക്കും പ്രതികരിക്കാൻ സാധിക്കാത്തത്, കാരണം അതൊരു മതസ്ഥാപനമാണ്..


” ഇതാണ് ശ്രീജാ ശ്യാമിൻെറ വിവാദ പരാമർശം. അടുത്ത സുഹൃത്ത് എന്ന് ശ്രീജാ ശ്യം പറയുന്ന അധ്യാപികയെ കൂടി അപകടത്തിലാക്കുന്നതാണ് ശ്രീജയുടെ പരാമർശം. കുട്ടികൾക്കെതിരെ പീഡനം നടക്കുന്നു എന്ന വിവരം ശ്രദ്ധയിൽപ്പെട്ടാൽ നിയമസംവിധാനങ്ങളെ അറിയിക്കാൻ അധ്യാപികയ്ക്ക് നിയമപരമായ ബാധ്യതയുണ്ട്.

അതാണ് നിലവിലുളള ചട്ടം.വിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ച അധ്യാപിക ചെയ്തത് അക്ഷന്തവ്യമായ കുറ്റം തന്നെ.  ഉത്തരവാദിത്തമുളള മാധ്യമ പ്രവർത്തക എന്ന നിലയിൽ ശ്രീജാ ശ്യാമിനും അത് നിയമസംവിധാനത്തെ അറിയിക്കാമായിരുന്നു.

ഇത്രയും നിയമവശം.എന്നാൽ ഇങ്ങനെ ഊരും പേരും പറയാതെ, തെളിവ് വെച്ച് സമർത്ഥിക്കാതെ ചർച്ചയുടെ മധ്യേ ഇങ്ങനെയൊരാരോപണം തട്ടിവിട്ടത് അതിനേക്കാൾ വലിയ തെറ്റാണ്.

മുസ്ളിം സമുദായത്തെ തെറ്റായി ചിത്രീകരിക്കാൻ രാഷ്ട്രീയ അജണ്ടയോടെ ആസൂത്രിത ശ്രമം നടക്കുന്നതിനിടെ മാതൃഭൂമി പോലുളള നൂറ്റാണ്ടിൻെറ ചരിത്രമുളള സ്ഥാപനത്തിലിരുന്ന് അബദ്ധം തട്ടിമൂളിക്കുന്നത് മാധ്യമ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല.

ശ്രീജാ ശ്യാമിൻെറ കുടുംബത്തിൻെറ രാഷ്ട്രീയ പശ്ചാത്തലം സംഘപരിവാറിൻേതാകയാൽ ചർച്ചയ്ക്കിടയിലെ രാഷ്ട്രീയ പരാമർശം കേവലം അബദ്ധമെന്ന് കരുതാനുമാവില്ലെന്നാണ് മാതൃഭൂമി ന്യൂസിൽ നിന്ന് തന്നെയുളള വിമർശനം.

 


 പോർച്ചുഗലിൻെറയും മാഞ്ചസ്റ്റർ യൂണൈറ്റഡിൻെറയും റയൽ മാഡ്രിഡിൻെറയും ഇപ്പോൾ സൌദി പ്രോ ലീഗിൻെറയും  താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച വാർത്ത പുറത്തുവന്നപ്പോഴാണ് ട്വൻറി ഫോർ ന്യൂസ് ബ്രേക്കിങ്ങ് ന്യൂസ് സ്ക്രോളിൽ അബദ്ധം അടിച്ചു വിട്ടത്.


 “ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു” ഇതാണ് ട്വൻറി ഫോറിൻെറ ബ്രേക്കിങ്ങ് ന്യൂസായി പോയത്. ഫുട്ബോളിനെ വികാരമായി കൊണ്ടുനടക്കുന്ന നാട്ടിലാണ് ട്വൻറിഫോർ ന്യൂസ് പൊട്ടത്തെറ്റ് അടിച്ചുവിട്ടത്.

മാധ്യമ പ്രവർത്തനം വെറും ഷോയും തളളുമായി കാണുന്ന ചാനലിൽ നിന്ന് ഇതും ഇതിൻെറ അപ്പുറവും സംഭവിക്കാമെങ്കിലും ഇത് കുറച്ച് കടന്ന കൈയ്യായിപ്പോയി.ന്യൂസ് ഡസ്കിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തീപ്പൊരി അവതാരക അസിതാ സഹീറാണ് ബ്രേക്കിങ്ങിൽ അബദ്ധം തളളിവിട്ടത്.

ആരാണ് തെറ്റ് അടിച്ചുവിട്ടതെന്ന് ചൂണ്ടിക്കാണിച്ചില്ലെങ്കിൽ കുറ്റം തങ്ങളുടെ തലയിൽ വന്നേക്കാമെന്ന ആശങ്കയിൽ ഡസ്കിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റുളളവർ അപ്പോൾ തന്നെ വിവരം ചോർത്തി മേലാളന്മാരെയും മറ്റ് ചാനൽ സുഹൃത്തുക്കളെയും അറിയിച്ച് കൈകഴുകി. മുഖ്യമന്ത്രിയായി ദിവസങ്ങൾ കഴിയുന്നതിന് മുൻപ് തന്നെ വി.ഡി സതീശനെ കടന്ന ഭാഷയിൽ രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് ട്വൻറിഫോർ ന്യൂസിൽ അസിതാ സഹീറിന് ഇപ്പോൾ വലിയ റോളില്ല.

അന്തിച്ചർച്ചയിൽ അപൂർവ്വമായേ അവസരം കിട്ടുന്നുളളു.ആരും കാണാത്ത രാവിലെ 6മണി ഷോയിലും വൈകുന്നേരം 4 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഷോയിലുമാണ് അസിതയെ ഇപ്പോൾ കാണാറുളളത്.


വാർത്തയ്ക്കിടെ സംഭവിച്ച ഗുരുതരമായ പിഴവോടെ അസിതയുടെ നില കൂടുതൽ പരുങ്ങലിലായി.സുകുമാരക്കുറുപ്പിനെ പിടിച്ച വ്യാജ വാർത്ത സംപ്രേഷണം ചെയ്യുകയും അത് തെറ്റാണെന്ന് തെളിയുകയും ചെയ്ത സംഭവത്തിൽ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ തന്നെ പ്രതിരോധത്തിലായത് അസിതയ്ക്ക് അനുഗ്രഹമാണ്.


വ്യാജവാർത്തയിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയാറാകാത്ത ചീഫ് എഡിറ്റർക്ക് വാർത്തയ്ക്കിടിയിലെ പിഴവിന് എങ്ങനെ നടപടിയെടുക്കാനാവും എന്നതാണ് ചോദ്യം.

വാർത്താ അവതാരകരുടെ ഭാഗത്ത് നിന്നുണ്ടായ രണ്ട് സംഭവവും വാർത്താ ചാനലുകളുടെയും മാധ്യമ പ്രവർത്തകരുടെയും നിലവാരമില്ലായ്മയുടെ ആഴത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അടിസ്ഥാനപരമായ അറിവോ വിവരമോ സാമൂഹ്യ കാഴ്ചപ്പാടോ ഇല്ലാത്തവർ മാധ്യമ പ്രവർത്തകരുടെ കുപ്പായമിട്ട് ചാനൽ ഫ്ളോറിൽ കയറിവരുന്നതാണ് നിലവാരത്തകർച്ചയുടെ അടിസ്ഥാന കാരണം.കാഴ്ചയ്ക്ക് ഭംഗിയുളളവർ മേക്കപ്പും കോട്ടുമിട്ട് സ്റ്റുഡിയോയിൽ വന്നിരുന്ന് എന്തും വിളിച്ചുപറയുകയാണ്.

പറയുന്നതിന് അടിസ്ഥാനമുണ്ടോ, ശരിയാണോ, തട്ടിവിടുന്ന കാര്യങ്ങൾ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കാൻ പോകുന്നത്, ഇതൊന്നും ആലോചിക്കാതെയാണ് ചാനൽ ഫ്ളോറിൽ അവതാരക വേഷങ്ങൾ കലിവേഷം കെട്ടി തുളളിയാടുന്നത്.എന്ത് പ്രവർത്തിയും അത് ചെയ്യുന്നവരിൽ നിന്ന് ഒരു നിലവാരം പ്രതീക്ഷിക്കുന്നുണ്ട്.

മാധ്യമ പ്രവർത്തനവും അത് ആവശ്യപ്പെടുന്നുണ്ടെന്ന് കുറഞ്ഞപക്ഷം ചാനൽ ഉടമകളെങ്കിലും മനസിലാക്കണം.അവതാരകരല്ല വാർത്തകൾ കൈകാര്യം ചെയ്യുന്ന എഡിറ്റോറിയൽ വിഭാഗത്തെ നയിക്കേണ്ടത്, മറിച്ച് വാർത്തയെ അതിൻെറ മാനങ്ങൾ തിരിച്ചറിഞ്ഞ് മ്യൂലവർദ്ധനവ് വരുത്താൻ കഴിവും പ്രാപ്തിയുമുളള ജേർണലിസ്റ്റുകളാണ്.

മാതൃഭൂമി ന്യൂസിനെ പോലെ ജേർണലിസ്റ്റുകൾ നയിക്കുന്നിടങ്ങളിലും ഇത്തരം പിഴവുകൾ സംഭവിക്കുന്നുണ്ട് എന്നതും പറയാതെ വയ്യ നിയമപരമായും സാമൂഹികമായും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പരാമർശം ശ്രീജാ ശ്യാം നടത്തുമ്പോൾ എഡിറ്റർ രാജീവ് ദേവരാജും വാർത്തയെ ഗൌരവത്തോടെ സമീപിക്കുന്നുവെന്ന് കരുതപ്പെടുന്ന അഭിലാഷ് മോഹനനും അതിൽ ഇടപെടാതെ താടി തടവി കേട്ടിരുന്നതും പൊറുക്കാനാവാത്ത തെറ്റാണ്.

രാജീവിൻെറയും അഭിലാഷ് മോഹനൻെറയും മൌനമാണ് ശ്രീജാ ശ്യാമിൻെറ പരാമർശത്തേക്കാൾ കുറ്റകരമാകുന്നത്.ബി.ദീലീപ് കുമാർ ന്യൂസ് മലയാളത്തിലേക്ക് മാറിയതിന് ശേഷം ട്വൻറി ഫോർ ന്യൂസിൽ തെറ്റ് തിരിച്ചറിയാൻ കഴിയുന്ന ഒരാൾ പോലുമില്ല എന്നാണ് അവിടെയുളളവർ തന്നെ പറയുന്നത്.ഇതിനിടെ ട്വന്റിഫോറിൽ നിന്ന്  അസിതാ സഹീറ് രാജി വച്ചുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. 

നിലവാരമില്ലായ്മയുടെ പടുകുഴിയിൽ നിന്ന് പാതാളത്തിലേക്ക് കൂപ്പുകുത്തുന്ന ചാനലുകളെ പിടച്ചുനിർത്താൻ ചാനൽ ഉടമകൾ വിചാരിക്കണം, അതല്ലാതെ ഒരു പോംവഴിയും മലയാളം വാർത്താ ചാനലുകൾക്ക് മുന്നിലില്ല.

Get more updates from Pudukad News on Google