ലൈംഗിക പീഡനാരോപണം: ഇ.എന് സുരേഷ് ബാബുവിനെതിരെ സിപിഎം ഐസിസി അന്വേഷണം. അന്വേഷണം പൂർത്തിയാക്കിയ ശേഷം സംസ്ഥാന കമ്മിറ്റിക്ക് ഐസിസി റിപ്പോർട്ട് കൈമാറും

തിരുവനന്തപുരം: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ ഐസിസി അന്വേഷണം. കേന്ദ്ര കമ്മിറ്റിക്ക് കീഴിലെ ഐസിസിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം പൂർത്തിയായാൽ നടപടിയെടുക്കാൻ സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകും.
അതത് ഘടകങ്ങളിൽ ആരോപണം ഉണ്ടാകുമ്പോൾ ഉപരിഘടകങ്ങളിലെ ഐസിസി, അന്വേഷണം നടത്തണമെന്നാണ് സിപിഎമ്മിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐസിസി നിലവിൽ അന്വേഷണം നടത്തുന്നത്.
അന്വേഷണം പൂർത്തിയാക്കിയ ശേഷം ഐസിസി റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. ഐസിസി നൽകുന്ന ശിപാർശയുടെ അടിസ്ഥാനത്തിലായിരിക്കും സുരേഷ് ബാബുവിനെതിരെ തുടർനടപടികൾ സ്വീകരിക്കുക.
ഒറ്റപ്പാലം സ്വദേശിനിയായ അഭിഭാഷകയാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ മൊഴി ഐസിസി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ് ബാബുവിനെ മാറ്റിയിരുന്നെങ്കിലും അത് ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണെന്ന് പാർട്ടി ഔദ്യോഗികമായി സമ്മതിച്ചിരുന്നില്ല.
വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം സ്വമേധയാ ഒഴിഞ്ഞു എന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം. എന്നാൽ ഇപ്പോൾ ആഭ്യന്തര അന്വേഷണം നടക്കുന്നതോടെ, ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് നടപടിയെന്ന് പാർട്ടി പരോക്ഷമായി സമ്മതിക്കുകയാണ്.



