Skip to content
November 11, 2026
⌕

എസ്എംഎ രോഗബാധിതരായ കുട്ടികളുടെ പേരിൽ വ്യാജ ക്യുആർ കോഡ്; ചികിത്സാ സഹായമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന് പരാതി, ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരെ കേസ്

November 10, 2026
Share this post to

കോഴിക്കോട്: എസ്എംഎ രോഗബാധിതരായ കുട്ടികളുടെ പേരിൽ വ്യാജ ക്യുആർ കോഡ് നിർമിച്ച് പണം തട്ടിയെന്ന പരാതിയിൽ ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരെ പൊലീസ് കേസെടുത്തു. തിരുവമ്പാടി പുന്നക്കൽ സ്വദേശി നടക്കാവിൽ വീട്ടിൽ നൈസാമിനെതിരെയാണ് മുക്കം പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.

സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ച് എസ്എംഎ ബാധിച്ച കുട്ടികളുടെ ചികിത്സാരേഖകൾ പ്രദർശിപ്പിച്ചാണ് ഇയാൾ പണം പിരിച്ചതെന്നാണ് പരാതി.

മുക്കത്തെ എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി തുക സമാഹരിക്കുന്നതിന് നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം നടന്നിരുന്നത്. എന്നാൽ കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെ നൈസാമും സംഘവും സമാന്തരമായി പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം.

ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചികിത്സാ സഹായ കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് അനധികൃതമായി പണപ്പിരിവ് നടത്തിയ വിവരവും സമാഹരിച്ച ലക്ഷക്കണക്കിന് രൂപ സ്വന്തം പേരിലേക്ക് വകമാറ്റിയെന്ന ആരോപണവും പുറത്തുവന്നത്. തുടർന്നാണ് കമ്മിറ്റി മുക്കം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് നൈസാമിനെതിരെ കേസെടുത്തത്.

Get more updates from Pudukad News on Google