ഗാസയിൽ പ്രളയദുരിതം രൂക്ഷം; അഭയാർഥികൾക്ക് അടിയന്തര സഹായം നൽകണമെന്ന് ഇസ്രയേലിനോട് ട്രംപിന്റെ ബോർഡ് ഓഫ് പീസ്. ആയുധങ്ങൾ ശേഖരിക്കുന്നതിന് പകരം അടിസ്ഥാന സൗകര്യ വികസനത്തിന് ഹമാസ് പണം ചെലവഴിക്കണമായിരുന്നുവെന്ന് ഇസ്രയേൽ

ഗാസ സിറ്റി: യുദ്ധക്കെടുതികൾക്കൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ ഗാസയിലെ അഭയാർഥികൾ കടുത്ത ദുരിതത്തിൽ. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് ആളുകൾ കഴിയുന്ന താൽക്കാലിക ക്യാമ്പുകൾ വെള്ളത്തിലായതോടെ അടിയന്തര മാനുഷിക സഹായം എത്തിക്കാൻ ഇസ്രയേലിനോട് നിർദേശിച്ച് ട്രംപിന്റെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് പീസ്. ഗാസയിലെ ദുരിതാവസ്ഥ രാജ്യാന്തര ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് ബോർഡിന്റെ ഇടപെടൽ.
“ഇത് ശൈത്യകാല ഭീഷണിയല്ല, അടിയന്തരമായി ഇടപെടേണ്ട മാനുഷിക ദുരന്തമാണ്” എന്ന് ബോർഡ് ഓഫ് പീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ശൈത്യകാലത്തെയും വെള്ളപ്പൊക്കത്തെയും നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ഇസ്രയേലിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും ബോർഡ് അറിയിച്ചു.
എന്നാൽ ബോർഡിന്റെ നിർദേശത്തോട് ഇസ്രയേൽ അനുകൂലമായി പ്രതികരിച്ചില്ല. ആയുധങ്ങൾ ശേഖരിക്കുന്നതിന് പകരം അടിസ്ഥാന സൗകര്യ വികസനത്തിന് ഹമാസ് പണം ചെലവഴിക്കണമായിരുന്നുവെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എക്സിലൂടെ പ്രതികരിച്ചത്. മഴ പെയ്യുമ്പോഴെല്ലാം ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ ഹമാസിന് കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
രണ്ട് ദിവസത്തിലേറെയായി തുടരുന്ന കനത്ത മഴയിൽ ഗാസയിലെ പതിനായിരക്കണക്കിന് താൽക്കാലിക അഭയാർഥി കൂടാരങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി. വെള്ളക്കെട്ടിൽ അകപ്പെട്ട അഞ്ച് പേരെ കണ്ടെത്താനായിട്ടില്ല. വീടുകൾ നഷ്ടപ്പെട്ട് താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് മഴയും വെള്ളപ്പൊക്കവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഗാസയിലേക്കുള്ള പ്രവേശന കവാടങ്ങൾ ഇസ്രയേലിന്റെ നിയന്ത്രണത്തിലാണെന്നതിനാൽ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിൽ ഇസ്രയേലിന് നിർണായക പങ്കുണ്ടെന്നാണ് ബോർഡിന്റെ നിലപാട്. അതേസമയം, ഗാസയിലെ ജനങ്ങളുടെ താമസസൗകര്യവും അടിസ്ഥാന ആവശ്യങ്ങളും സംബന്ധിച്ച ആശങ്കകൾ ശക്തമാകുകയാണ്.
ബോർഡ് ഓഫ് പീസ് മുന്നോട്ടുവച്ച വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഗാസയിൽ ആക്രമണങ്ങൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കെടുത്ത എല്ലാവരെയും ഇല്ലാതാക്കുമെന്ന നിലപാട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചിട്ടുമുണ്ട്. വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലും ഗാസയിലെ ജനങ്ങളുടെ സുരക്ഷയും മാനുഷിക ആവശ്യങ്ങളും ഉറപ്പാക്കാൻ കഴിയാത്തത് അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിപ്പിക്കുന്നു.




