ഐഒഎ തെരഞ്ഞെടുപ്പ്: അട്ടിമറി ആരോപണവുമായി പി.ടി. ഉഷ; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു

ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള(ഐഒഎ) എസ് ഒ എം തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ചുകൊണ്ട് പ്രസിഡന്‍റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) കത്തയച്ചു.
തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വരണാധികാരി സഞ്ജയ് കെ ശ്രീവാസ്തവ നിഷ്പക്ഷത പുലർത്തിയില്ലെന്നും നടപടികളിൽ പൂർണ്ണമായും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ഉഷ ഐഒസി പ്രസിഡന്‍റ് കിര്‍സ്റ്റി കോവെൻട്രിക്ക് അയച്ച മൂന്നേ പേജുള്ള കത്തിൽ കുറ്റപ്പെടുത്തി. വിഷയത്തിൽ ഐഒസിയുടെ അടിയന്തര ഇടപെടലും നിഷ്പക്ഷമായ സ്വതന്ത്ര അന്വേഷണവും വേണമെന്നാണ് ഉഷയുടെ പ്രധാന ആവശ്യം.
തെരഞ്ഞെടുപ്പിൽ മത്സരിച്ച് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെയാണ് ഉഷയുടെ ഈ നിർണായക നീക്കം. എന്നാൽ വ്യക്തിപരമായ തോൽവിയുടെ പേരിലല്ല, മറിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഐ.ഒ.എയുടെ സ്വയംഭരണാവകാശവും സംരക്ഷിക്കാനാണ് പരാതി നൽകുന്നതെന്ന് ഉഷ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.




