കശ്മീരിലെ അവസാനത്തെ പ്രാദേശിക ഭീകരനായി തിരച്ചിൽ; ലഷ്കർ ഭീകരൻ അബ്ദുൽ ലത്തീഫ് ഭട്ടിന്റെ പുതിയ പോസ്റ്ററുകൾ പതിച്ച് ജമ്മു കശ്മീർ പൊലീസ് | Abdul Latief Bhat wanted poster

കശ്മീരിൽ ഒളിവിൽ കഴിയുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബ്ദുൽ ലത്തീഫ് ഭട്ടിനായി തിരച്ചിൽ ശക്തമാക്കി ജമ്മു കശ്മീർ പൊലീസ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടി ശ്രീനഗറിലെ ലാൽ ചൗക്കിലും പ്രതാപ് പാർക്കിലും പുതിയ വാണ്ടഡ് പോസ്റ്ററുകൾ പതിച്ചു. ഭട്ടിനൊപ്പം മറ്റ് മൂന്ന് ഭീകരരുടെ ചിത്രങ്ങളും വിവരങ്ങളും പോസ്റ്ററിലുണ്ട്. മുഹമ്മദ് ലത്തീഫ് ഭട്ട് എന്ന പേരിലും അറിയപ്പെടുന്ന അബ്ദുൽ ലത്തീഫ് ഭട്ട് ദക്ഷിണ കശ്മീരിലെ കുൽഗാം സ്വദേശിയാണ്. ഇയാളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് നാല് മാസം മുമ്പും പൊലീസ് പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. ആ പാരിതോഷികം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. (Abdul Latief Bhat wanted poster)
അനന്ത്നാഗിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിലും 2026 ജൂലൈയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തിയതിലും ഭട്ടിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. ഇയാളുടെ ഒളിത്താവളങ്ങളെക്കുറിച്ചോ നീക്കങ്ങളെക്കുറിച്ചോ വിശ്വസനീയമായ വിവരങ്ങൾ ലഭിക്കുന്നവർ അന്വേഷണ ഏജൻസികളെ അറിയിക്കണമെന്ന് സുരക്ഷാ വിഭാഗങ്ങൾ പൊതുജനങ്ങളോട് അഭ്യർഥിച്ചു. വിവരങ്ങൾ കൈമാറുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പോസ്റ്ററിലുള്ള മറ്റ് മൂന്ന് പേർ ബിലാൽ അഹമ്മദ് മിർ, മുഹമ്മദ് ഉമർ മിർ, അബിദ് ഖയൂം ലോൺ എന്നിവരാണ്. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലക്കാരായ ഇവർ നിലവിൽ പാക് അധീന ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്നതായാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം. കശ്മീർ താഴ്വരയിൽ അവശേഷിക്കുന്ന ഭീകര ശൃംഖലകളെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തിരച്ചിൽ നടപടികളെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Summary: Jammu and Kashmir Police have launched a fresh manhunt for Lashkar-e-Taiba operative Abdul Latief Bhat, also known as Mohammad Lateef Bhat. New wanted posters have been displayed in Srinagar, with a Rs 15 lakh reward still in place for information leading to his arrest. Three other wanted terrorists have also been named.




