
രാജ്‌കോട്ട്: അന്താരാഷ്ട്ര ക്രിക്കറ്റിൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നത് വിരാട് കോഹ്‌ലി തുടരുന്നു. ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് കോഹ്‌ലി പുതിയ ചരിത്രം കുറിച്ചു.
സച്ചിനെ പിന്നിലാക്കി കോഹ്‌ലി
ഏകദിന ക്രിക്കറ്റിൽ ന്യൂസിലാൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. കിവീസിനെതിരെ 42 മത്സരങ്ങളിൽ നിന്ന് സച്ചിൻ നേടിയ 1750 റൺസ് എന്ന നേട്ടമാണ് രണ്ടാം ഏകദിനത്തിൽ കോഹ്‌ലി മറികടന്നത്. ഈ മത്സരത്തിൽ 23 റൺസ് നേടിയതോടെ കോഹ്‌ലി സച്ചിനെ പിന്നിലാക്കി ഒന്നാമതെത്തി. കിവീസിനെതിരെ കൂടുതൽ റൺസ് നേടിയ ലോകതാരങ്ങളുടെ പട്ടികയിൽ റിക്കി പോണ്ടിങ്ങാണ് (1971 റൺസ്) ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത്. നേരത്തെ ആദ്യ ഏകദിനത്തിൽ കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.
Also Read: സിംഹാസനം തിരിച്ചുപിടിച്ച് ‘കിങ് കോഹ്‌ലി’; ഏകദിന റാങ്കിങ്ങിൽ വീണ്ടും ഒന്നാമൻ!
രാഹുലിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് മികച്ച സ്കോർ
രാജ്‌കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ന്യൂസിലാൻഡിന് മുന്നിൽ 285 റൺസ് വിജയലക്ഷ്യം ഉയർത്തി. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 284 റൺസ് എടുത്തത്. വെടിക്കെട്ട് സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലിന്റെ (104) പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർധ സെഞ്ച്വറി നേടി മികച്ച പിന്തുണ നൽകി.
The post സച്ചിനെ മറികടന്ന് കോഹ്‌ലി; ഏകദിനത്തിൽ കിവീസിനെതിരെ ഇനി ‘റൺവേട്ടക്കാരൻ’ കിങ് കോഹ്‌ലി! appeared first on Express Kerala.



