കൽപ്പാത്തി രഥോത്സവത്തിലേക്കുള്ള ധ്വജസമർപ്പണംനടത്തി

പാലക്കാട്: കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികമായി തുടർന്നുവരുന്ന ആചാരം തുടർന്നു കൊണ്ട് വിവേകാനന്ദ ദാർശനിക സമാജം. മുൻ വർഷങ്ങളിലേതു പോലെ തന്നെ ഈ വർഷവും വിശ്വപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പ്രധാന മൂന്ന് രഥങ്ങളിലും ചാർത്തുവാനുള്ള ധ്വജങ്ങൾ വിവേകാനന്ദ ദാർശനിക സമാജം സമർപ്പിച്ചു. നവംബർ 10 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ വെച്ചാണ് ചടങ്ങ് നടന്നത്.
ചടങ്ങിൽ വിവേകാനന്ദ ദാർശനിക സമാജം സ്ഥാപകനും തദ്വനം ആശ്രമാദ്ധ്യക്ഷനുമായ ജയകുമാർ രാമകൃഷ്ണൻ, ക്ഷേത്രകാര്യക്കാരായ പാലക്കാട്ടുശ്ശേരി രാജവംശ പ്രതിനിധികൾക്ക് ധ്വജങ്ങൾ കൈമാറി.
പാലക്കാട്ടുശ്ശേരി രാജവംശത്തിന്റെ സവിശേഷ ചിഹ്നങ്ങൾ അണിഞ്ഞു കൊണ്ട് ചടങ്ങിനെത്തി ചേർന്ന സുജിത്ത് വർമ്മയും, രാജേന്ദ്ര വർമ്മയും, രാജവംശത്തെ പ്രതിനിധീകരിച്ചുകൊണ്ട് രഥോത്സവത്തിലേക്കുള്ള ധ്വജങ്ങൾ ഏറ്റുവാങ്ങി.
വിവേകാനന്ദ ദാർശനിക സമാജം പ്രസിഡന്റ് എൻ. നന്ദകുമാർ, വൈസ് പ്രസിഡന്റ് കെ. എൻ. സതീഷ് എന്നിവർക്ക് പുറമെ ട്രസ്റ്റിമാരായ ബി. പ്രഭു, വി. മണികണ്ഠൻ, സുൻഷുഗോയ് എന്നിവരും, തദ്വനം ആശ്രമം സ്ഥിതി ചെയ്യുന്ന മലമ്പുഴ കാഞ്ഞിരക്കടവിൽ നിന്നുള്ള ഭക്തജനങ്ങളും, ചടങ്ങിൽ സംബന്ധിച്ചു. മംഗളവാദ്യ അകമ്പടികളോടെ നടന്ന ചടങ്ങിനു ശേഷം ഭക്തജനങ്ങൾ ധ്വജം തൊട്ടു നമസ്ക്കരിച്ചു.
കാശിയിൽ നിന്നും പ്രത്യേകമായി തയ്യാറാക്കി കൊണ്ടുവന്ന കാവിപ്പട്ടിന്റെ നടുവിലായി വെള്ളനിറത്തിൽ ‘ഓം’ എന്നു മലയാളത്തിൽ ആലേഖനം ചെയ്ത, സ്വർണ്ണവർണ്ണത്തിലുള്ള അരികുകളുള്ള ധ്വജങ്ങളാണ് വിവേകാനന്ദ ദാർശനിക സമാജം നൽകിയത്.
7 അടി നീളവും 3 അടി വീതിയുമാണ് ഒരു ധ്വജത്തിന്റെ അളവ്. ഈ മൂന്ന് ധ്വജങ്ങളായിരിക്കും ഈ വർഷത്തെ രഥോത്സവത്തിലെ തേരുകളുടെ മുകളിൽ അലങ്കാരമായി തീരുക. കല്ലടിക്കോട് തദ്വനം ആശ്രമം കേന്ദ്രമായി പ്രവർത്തിക്കുന്ന വിവേകാനന്ദ ദാർശനിക സമാജമാണ് എല്ലാ വർഷവും ഇത് നൽകിവരുന്നത്.




