മതസൗഹാർദത്തിന്റെ മാതൃകയായി കല്യാണിയമ്മയുടെ അന്ത്യകർമ്മം; ഹിന്ദുമത വിശ്വാസിയായ വയോധികയുടെ സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയ റസാഖിനെയും സുലൈമാനെയും ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ നന്ദിയും പിന്തുണയും അറിയിച്ച് അഭിനന്ദനം. വയനാട്ടിലെത്തുമ്പോൾ നേരിൽ കാണാമെന്നും ഉറപ്പ്

തിരുവനന്തപുരം: മക്കളും ബന്ധുക്കളുമില്ലാത്ത ഹിന്ദുമത വിശ്വാസിയായ കല്യാണിയമ്മയുടെ അന്ത്യകർമ്മത്തിന് നേതൃത്വം നൽകിയ അയൽവാസികളായ റസാഖിനെയും സുലൈമാനെയും ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ.
കേരളത്തിന്റെ പിന്തുണയും നന്ദിയും അറിയിച്ച മുഖ്യമന്ത്രി, അടുത്ത തവണ വയനാട്ടിലെത്തുമ്പോൾ ഇരുവരെയും നേരിട്ടു കാണാമെന്നും ഉറപ്പു നൽകി. മാതൃകയായ ആ സ്‌നേഹത്തിന് കേരളത്തിന്റെ പിന്തുണയും നന്ദിയും മുഖ്യമന്ത്രി അറിയിച്ചു.
മൂപ്പൈനാട് പഞ്ചായത്തിലെ ചന്ദ്രഗിരിയിൽ കല്യാണിയമ്മയുടെ സംസ്കാരച്ചടങ്ങുകൾ റസാഖും അനുജൻ സുലൈമാനും ചേർന്ന് നടത്തിയത് വലിയ ശ്രദ്ധനേടിയിരുന്നു. ഇതിനെ വെറുമൊരു മതസൗഹാർദത്തിന്റെ പേരിൽ മാത്രം കാണാനാകില്ലെന്നാണ് റസാഖ് പ്രതികരിച്ചിരുന്നു.
19 വർഷമായി കല്യാണിയമ്മയെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് ചേർത്തുപിടിച്ചതെന്നും മറ്റൊരു മതത്തിൽപ്പെട്ടയാളാണ് അമ്മയെന്ന കാര്യം മരണാനന്തര ചടങ്ങുകൾ നടത്തുമ്പോഴാണ് ഞങ്ങൾ പോലും ഓർത്തതെന്നും റസാഖ് വ്യക്തമാക്കി.
ചെറുപ്പം മുതൽ അയൽവാസിയായിരുന്ന കല്യാണിയമ്മയെ സ്വന്തം അമ്മയെപ്പോലെയാണ് റസാഖും കുടുംബവും കണ്ടിരുന്നത്. ഭർത്താവും മക്കളുമില്ലാത്ത അമ്മയ്ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് പരിചരണങ്ങളും നൽകിയിരുന്നത് ഈ കുടുംബമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ചതോടെ അവസാനകാലത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നാണ് പരിചരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.
86 വയസ്സുണ്ടായിരുന്ന കല്യാണിയമ്മ അതുവരെ പൂർണ ആരോഗ്യവതിയായിരുന്നുവെന്നും ബന്ധുക്കളാരും കൂടെയില്ലാതിരുന്ന അവർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നത് ഈ കുടുംബമായിരുന്നുവെന്നും റസാഖ് വ്യക്തമാക്കി.
മരണശേഷം കല്യാണിയമ്മയുടെ ആഗ്രഹപ്രകാരം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളാണ് റസാഖും സഹോദരനും ചേർന്ന് നടത്തിയത്. മതത്തിനപ്പുറം മനുഷ്യബന്ധങ്ങൾക്കും സ്നേഹത്തിനും കരുതലിനും പ്രാധാന്യം നൽകുന്ന ഈ സഹോദരങ്ങളുടെ പ്രവൃത്തി സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.




