Skip to content
November 12, 2026
⌕

ഡീലായി, സമരം പിന്‍വലിച്ചു,അയര്‍ലണ്ടിലെ പൊതുമേഖല ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനയുടെ സന്തോഷവാര്‍ത്ത

November 12, 2026
Share this post to

ഡബ്ലിന്‍: നീണ്ട ചര്‍ച്ചകള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ അയര്‍ലണ്ടിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ആശ്വാസത്തിന്റെ പുലരി. പുതിയ ദേശീയ ശമ്പളക്കരാറില്‍ സര്‍ക്കാരും ട്രേഡ് യൂണിയന്‍ പ്രതിനിധികളും ധാരണയിലെത്തി. ഡബ്ലിനിലെ വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മിഷനില്‍ രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക മുന്നേറ്റം. ഇതോടെ നാളെ വ്യാഴാഴ്ച നടത്താനിരുന്ന പൊതുമേഖലാ ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് പിന്‍വലിച്ചിട്ടുണ്ട്.

നാലുലക്ഷത്തിലേറെ പൊതുമേഖലാ-സിവില്‍ സര്‍വീസ് ജീവനക്കാരെ ബാധിക്കുന്ന ചര്‍ച്ചകളില്‍, 33 മാസത്തിനിടെ ആകെ 10.75 ശതമാനം വര്‍ധന ഉള്‍പ്പെടുന്ന പാക്കേജാണ് അംഗീകരിക്കപ്പെട്ടത്. അന്തിമ കരാറിന്റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുവരാനുണ്ട്. ആദ്യഘട്ടത്തിലെ രണ്ടു ശതമാനം വര്‍ധനയ്ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി വരും മാസങ്ങളില്‍ ജീവനക്കാര്‍ക്ക് കുടിശ്ശികത്തുകയും ലഭിക്കാനിടയുണ്ട്. കുറഞ്ഞ ശമ്പളക്കാര്‍ക്ക് പൊതുനിരക്കിനെക്കാള്‍ ഉയര്‍ന്ന ശതമാനത്തിലുള്ള നേട്ടം ഉറപ്പാക്കുന്ന വ്യവസ്ഥകളും പ്രതീക്ഷിക്കുന്നു.

2026 ജൂലൈ മുതല്‍ 2029 മാര്‍ച്ച് വരെയാണ് നിര്‍ദിഷ്ട കരാറിന്റെ കാലാവധി. ജീവനക്കാരുടെ ശമ്പളത്തില്‍ വിവിധ ഘട്ടങ്ങളിലായി വര്‍ധന വരുത്തുന്നതിനൊപ്പം, കുറഞ്ഞ ശമ്പളക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന തരത്തില്‍ ചില ഘട്ടങ്ങളില്‍ കുറഞ്ഞ വര്‍ധനത്തുകയും ഉറപ്പാക്കുന്നു.

ആദ്യഘട്ടത്തില്‍ 2026 സെപ്റ്റംബര്‍ ഒന്നുമുതല്‍ രണ്ടു ശതമാനം അല്ലെങ്കില്‍ കുറഞ്ഞത് €1,200 ഏതാണോ കൂടുതല്‍, അതനുസരിച്ചുള്ള ശമ്പളവര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെയുള്ള ഈ വര്‍ധന ജീവനക്കാര്‍ക്ക് കുടിശ്ശിക ലഭിക്കാനുള്ള വഴിയും തുറക്കും.ക്രിസ്മസോടെ 1200 യൂറോ അയര്‍ലണ്ടിലെ എല്ലാ പൊതുമേഖലാ ജീവനക്കാര്‍ക്കും ലഭിക്കുമെന്ന് ഇതോടെ ഉറപ്പായി.

നഴ്സുമാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, ഗാര്‍ഡ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസേവന ജീവനക്കാരുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്നതാണ് ശമ്പളക്കരാര്‍. ജീവിതച്ചെലവിന്റെ സമ്മര്‍ദത്തിനിടെ കുടുംബബജറ്റിന് കൂടുതല്‍ കരുത്തുപകരുമെന്ന പ്രതീക്ഷയാണ് പുതിയ ധാരണ ഉയര്‍ത്തുന്നത്. മുന്‍കരാര്‍ രണ്ടരവര്‍ഷത്തിനിടെ 10.25 ശതമാനം വര്‍ധന നല്‍കിയിരുന്നു. അതിനെക്കാള്‍ മെച്ചപ്പെട്ട പാക്കേജ് വേണമെന്ന ആവശ്യമാണ് യൂണിയനുകള്‍ മുന്നോട്ടുവച്ചത്.

ധാരണയിലെ വ്യവസ്ഥകളും സമരത്തിന്റെ തുടര്‍നടപടികളും യൂണിയനുകള്‍ ചര്‍ച്ച ചെയ്യും.നിലവില്‍ ഇത് നിര്‍ദിഷ്ട കരാറാണ്; യൂണിയനുകളുടെ തുടര്‍നടപടികളും അംഗീകാരപ്രക്രിയയും പൂര്‍ത്തിയാകുന്നതോടെയാകും നടപ്പാക്കലില്‍ കൂടുതല്‍ വ്യക്തത വരിക.ശമ്പളവര്‍ധനയ്ക്കായുള്ള ജീവനക്കാരുടെ കാത്തിരിപ്പില്‍ പ്രതീക്ഷ പകരുന്ന വഴിത്തിരിവാണ് ഇന്ന് പുലര്‍ച്ചെ മൂന്നര മണി വരെ നീണ്ട ചര്‍ച്ചയുടെ അവസാനം ഉണ്ടായത്.

Get more updates from Pudukad News on Google