അമേരിക്കയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട 11 മാസം പ്രായമുള്ള കുഞ്ഞിനെ 24 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി: സംഭവത്തിന് പിന്നിൽ പിതാവ് | Missing 11 Month Old

വാഷിംഗ്ടൺ: അമേരിക്കയിലെ സൗത്ത് കരോലിനയിൽ പിതാവ് തട്ടിക്കൊണ്ടുപോയി മണ്ണിനടിയിൽ കുഴിച്ചിട്ട 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ 24 മണിക്കൂറിന് ശേഷം അത്ഭുതകരമായി ജീവനോടെ കണ്ടെത്തി. ‘കോവ ഷാർപ്പ്’ എന്ന പിഞ്ചുകുഞ്ഞിനെയാണ് നായ്ക്കളെ പാർപ്പിക്കുന്ന കമ്പിക്കൂട്ടിലാക്കി ഒരടിയോളം താഴ്ചയിൽ മണ്ണിട്ട് മൂടിയ നിലയിൽ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.(Missing 11 Month Old US Baby Found Alive After Being Buried For 24 Hours)
ചൊവ്വാഴ്ച ഉച്ചയോടെയാണ് വനമേഖലയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും കുഞ്ഞ് കരയുന്നുണ്ടായിരുന്നുവെന്നും, അത് ജീവിതത്തിൽ കേട്ട ഏറ്റവും സന്തോഷകരമായ ശബ്ദമായിരുന്നുവെന്നും ലെക്സിംഗ്ടൺ കൗണ്ടി ഷെരീഫ് ജെയ് കൂൺ പ്രതികരിച്ചു. നൂറോളം പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ മുത്തച്ഛന്റെ വീടിന് 45 മീറ്റർ അകലെയുള്ള വനമേഖലയിൽ മണ്ണ് പുതുതായി ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ അവിടെ കുഴിച്ചുനോക്കിയപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്.
ടവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നതിനാൽ കൂട്ടിലേക്ക് ആവശ്യത്തിന് വായു കടന്നതാണ് കുഞ്ഞിന് ജീവൻ നിലനിർത്താൻ സഹായകമായതെന്ന് ഷെരീഫ് വ്യക്തമാക്കി. കുഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞിനെയാണ് 25-കാരനായ പിതാവ് മൈക്കൽ കോമർ കടത്തിക്കൊണ്ടുപോയത്. മുത്തശ്ശി പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ ഇയാൾ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ബേറ്റ്സ്ബർഗിലെ ഒരു കെട്ടിടത്തിൽ നിന്ന് മൈക്കൽ കോമറിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കുഞ്ഞ് കൂടെയുണ്ടായിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ചയും തിരച്ചിൽ തുടർന്നപ്പോഴാണ് മണ്ണിനടിയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. പ്രതിക്കെതിരെ കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
Story Summary
An 11-month-old baby boy, Koah Sharpe, was miraculously rescued alive in South Carolina after spending nearly 24 hours buried underground inside a dog crate. Police had arrested the infant’s 25-year-old father, Michael Comer, the previous night following the child’s disappearance, and rescuers later found the crying baby buried in a wooded area near his grandfather’s home.




