ആലപ്പുഴ കരുവാറ്റ കൊലപാതകം: കേസിൽ കൗമാരക്കാരായ പ്രതികൾക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 13കാരി സ്വന്തം അപ്പൂപ്പനെ കൊല്ലാൻ ആസൂത്രണം ചെയ്തു നടപ്പാക്കിയ ക്വട്ടേഷനാണെന്നും കൗമാരക്കാരായ 3 ആൺകുട്ടികളും 13കാരിയും അടക്കം 4 പേരാണ് പ്രതികളെന്നും കുറ്റപത്രത്തിൽ

ആലപ്പുഴ: സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകമാണ് കഴിഞ്ഞ ഓഗസ്റ്റ് 15 രാത്രിയിൽ ആലപ്പുഴ കരുവാറ്റയിൽ അരങ്ങേറിയത്.
13കാരി സ്വന്തം അപ്പൂപ്പനെ കൊല്ലാൻ ആസൂത്രണം ചെയ്തു നടപ്പാക്കിയ ക്വട്ടേഷനാണെന്നും കൗമാരക്കാരായ 3 ആൺകുട്ടികളും 13കാരിയും അടക്കം 4 പേരാണ് പ്രതികളെന്നു തെളിഞ്ഞതും കേരളീയ സമൂഹം അമ്പരപ്പോടെയാണ് കേട്ടത്.
കേസിൽ കൗമാരക്കാരായ പ്രതികൾക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഹരിപ്പാട് പൊലീസാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഓൺലൈനായി 740 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
ശിവൻകുട്ടി ചെട്ടിയാരാണ് മരിച്ചത്. കൈകാലുകൾ തുണികൊണ്ട് ബന്ധിച്ച നിലയിലും കഴുത്തിൽ മുറുക്കിയ പാടുകളോടെയുമാണ് മൃതദേഹം കണ്ടെത്തിയത്. ആന്തരിക രക്തസ്രാവത്തിന് കാരണമായ പരിക്കുകളുണ്ടായിരുന്നെങ്കിലും ശ്വാസം മുട്ടിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ശിവൻകുട്ടി ചെട്ടിയാരുടെ കൊച്ചുമകളായ 13കാരിയാണ് കൊലപാതകത്തിന്റെ ആസൂത്രണത്തിന് പിന്നിലെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ നിർദേശപ്രകാരം കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് കൗമാരക്കാർ വീട്ടിലെത്തി കൃത്യം നടത്തുകയായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു ലക്ഷ്യം.
അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിച്ച് വിൽക്കാനും ലഭിക്കുന്ന പണം ഉപയോഗിച്ച് പെൺകുട്ടിക്ക് ഐഫോണും ആൺ സുഹൃത്തിന് ബൈക്കും വാങ്ങാനുമായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.




