Skip to content
November 13, 2026
⌕

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; കേരളത്തിലും പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താൻ സാധ്യത. റെക്കോർഡ് നിരക്കായ 1.31 ലക്ഷത്തിൽനിന്ന് 31,160 രൂപയിലധികം കുറയുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം

November 12, 2026
Share this post to

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും സ്വർണ്ണവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താൻ സാധ്യതയുണ്ടെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ. 

ഈ വർഷം ജനുവരി 29ന് അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 5,595 ഡോളർ എന്ന റെക്കോർഡ് നിരക്കിലെത്തിയ സ്വർണ്ണവില നിലവിൽ 3,850 ഡോളറിലേക്കാണ് കൂപ്പുകുത്തിയത്. 


1,745 ഡോളറിന്റെ വൻ ഇടിവാണ് ഇതിനോടകം രേഖപ്പെടുത്തിയത്. വിലയിടിവ് ഇനിയും തുടർന്നാൽ അന്താരാഷ്ട്ര വില 3,700 ഡോളറിലേക്കും തുടർന്ന് 3,500 ഡോളറിലേക്കും താഴാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ വിലയിരുത്തൽ.


ജനുവരി 29ന് കേരളത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. നിലവിലെ ഇടിവ് തുടർന്നാൽ നാളെ രാവിലെ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താൻ സാഹചര്യമുണ്ട്. 

അങ്ങനെയെങ്കിൽ റെക്കോർഡ് നിരക്കിൽ നിന്നും പവന് 31,160 രൂപയിലധികം കുറവുണ്ടാകും. വിലയിടിവ് പുതിയതായി സ്വർണ്ണം വാങ്ങുന്നവർക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും വ്യാപാരികളെയും നേരത്തെ സ്വർണ്ണം വാങ്ങി സൂക്ഷിച്ചവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


ഉയർന്ന വിലയിൽ സ്വർണ്ണം വാങ്ങി സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വിലയിടിവ് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ മാറ്റിവെക്കുന്നതും വിപണിയെ തളർത്തുന്നുണ്ട്. 


സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കണ്ടിരുന്ന സാധാരണ കുടുംബങ്ങളുടെ കൈവശമുള്ള ആഭരണങ്ങളുടെയും നിക്ഷേപ സ്വർണ്ണത്തിന്റെയും വിപണിമൂല്യം ഗണ്യമായി ഇടിയുകയാണ്. 

കേരളത്തിലെ സ്വർണ്ണവിപണി ഇന്ന് നേരിടുന്നത് കേവലം വിലയിടിവിന്റെ മാത്രമല്ല, അതിജീവനത്തിന്റെ കൂടി വലിയ പരീക്ഷണമാണെന്നും അഡ്വ. എസ്. അബ്ദുൽ നാസർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

Get more updates from Pudukad News on Google