
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ക്രൂ-11 സംഘത്തിന്റെ മടക്കയാത്ര ആരംഭിച്ചു. സംഘത്തിലെ ഒരംഗത്തിനുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്ന് നിശ്ചയിച്ചതിലും ഒരു മാസം മുൻപേ ദൗത്യം അവസാനിപ്പിക്കാനാണ് നാസ തീരുമാനിച്ചത്. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ പേടകം സഞ്ചരിക്കവെ, ഡ്രാഗൺ എൻഡവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വിജയകരമായി വേർപെട്ടു.
പത്തര മണിക്കൂർ നീളുന്ന യാത്രയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.11-ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലിലിറങ്ങും. ഇന്ത്യൻ വംശജനായ ഫ്ലൈറ്റ് ഡയറക്ടർ റോണക് ദാവെയാണ് ഈ നിർണ്ണായകമായ മടക്കയാത്ര നിയന്ത്രിക്കുന്നത്. നാസയുടെ സെന കാർഡ്മാൻ, മൈക്ക് ഫിൻക്, ജാക്സയുടെ കിമിയ യുയി, റോസ്കോസ്മോസിൻ്റെ ഒലെഗ് പ്ലാറ്റനോവ് എന്നിവരാണ് സംഘത്തിലുള്ളത്. ഇതിൽ ആർക്കാണ് ആരോഗ്യപ്രശ്നം നേരിട്ടതെന്ന് നാസ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
Also Read: സ്മാർട്ട്ഫോൺ ചാർജിംഗിൽ പുലർത്താം അതീവ ജാഗ്രത; സുരക്ഷാ മാനദണ്ഡങ്ങൾ മറക്കരുത്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സഞ്ചാരിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ദൗത്യം നേരത്തെ അവസാനിപ്പിക്കുന്നത്. നിലവിൽ അടിയന്തിര സാഹചര്യങ്ങളില്ലെന്നും മുൻകരുതൽ എന്ന നിലയിലാണ് സംഘത്തെ നേരത്തെ എത്തിക്കുന്നതെന്നും നാസ അറിയിച്ചു. 165 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച ശേഷമാണ് ഇവർ മടങ്ങുന്നത്. കടലിലിറങ്ങുന്ന പേടകത്തെ പ്രത്യേക ബോട്ടുപയോഗിച്ച് വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെത്തിക്കും.
The post ചരിത്രത്തിലാദ്യമായി ദൗത്യം പാതിവഴിയിൽ നിർത്തി നാസ; ക്രൂ-11 സംഘം ഭൂമിയിലേക്ക്! അണ്‍ഡോക്കിങ് പ്രക്രിയ വിയജകരം appeared first on Express Kerala.



