Skip to content
November 13, 2026
⌕

ഇനി കൂടാന്‍ ഒന്നുമില്ല,അയർലൻഡിൽ ഭവന വില കൂടുന്നു… വാടക കൂടുന്നു… മോര്‍ട്ട്ഗേജ് പലിശ കൂടുന്നു….

November 13, 2026
Share this post to

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവനവായ്പയുടെ പ്രതിമാസ പലിശച്ചെലവ് അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയായതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി എസ് ഒ). വീടുകളുടെ വിലയിലുണ്ടായ വര്‍ദ്ധനവും വായ്പാ പലിശനിരക്കുകളിലെ ഉയര്‍ച്ചയുമാണ് ചെലവ് കൂടാന്‍ പ്രധാന കാരണം. ഇതേ കാലയളവില്‍ വാടക 36 ശതമാനം വര്‍ധിച്ചുവെന്നും സി എസ് ഒ പറയുന്നു.

വീടുകള്‍ വാങ്ങുന്നതിന് മോര്‍ട്ട്ഗേജെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ നെഞ്ച് തകര്‍ക്കുന്നതാണ് കുതിക്കുന്ന പലിശ നിരക്ക്. വീടുകളുടെ വിലയും ഗണ്യമായി കൂടി.വാടകയും വന്‍ കുതിപ്പിലാണ്.ഇതും സ്വന്തമായി വീടില്ലാത്തവരെ നിരാശരാക്കുന്നു.

ഓഗസ്റ്റ് വരെയുള്ള അഞ്ചുവര്‍ഷത്തിനിടെ അയര്‍ലണ്ടിലെ വീടുകളുടെ വിലയില്‍ 41 ശതമാനം വര്‍ധനവുണ്ടായെന്ന് സി എസ് ഒ റിപ്പോര്‍ട്ട് പറയുന്നു. ഇതോടൊപ്പം വാടകയില്‍ 36 ശതമാനം വര്‍ദ്ധനവുമുണ്ടായി.1996ല്‍ വിവരശേഖരണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ വാടക.

2021 ജൂലൈ മുതല്‍ ഓരോ മാസവും വാടക വര്‍ധിച്ചുവരികയാണെന്നും സി എസ് ഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വീടുകളുടെ അറ്റകുറ്റപ്പണിക്കും ചെലവേറി. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമുള്ള ചെലവില്‍ അഞ്ചുവര്‍ഷത്തിനിടെ 19.3 ശതമാനം വര്‍ധനവുണ്ടായി. അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സാധനങ്ങളുടെയും സേവനങ്ങളുടെയും ചെലവും കൂടിയെന്നും സി എസ് ഒയുടെ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നു.

2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മോര്‍ട്ട്ഗേജ് പലിശ

2026 ഒക്ടോബറില്‍ മോര്‍ട്ട്ഗേജ് പലിശച്ചെലവ് 2008 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. തുടര്‍ച്ചയായി പലിശനിരക്കുകള്‍ ഉയര്‍ന്നതും വീടുകളുടെ വില വര്‍ധിച്ചതുമാണ് ഇതിന് കാരണമെന്ന് സി എസ് ഒ വ്യക്തമാക്കുന്നു

സെന്‍ട്രല്‍ ബാങ്കിന്റെ കണക്കനുസരിച്ച് സെപ്തംബറില്‍ പുതിയ ഭവനവായ്പകളുടെ ശരാശരി പലിശനിരക്ക് 3.52 ശതമാനമായിരുന്നു. 2021 സെപ്തംബറില്‍ ഇത് 2.72 ശതമാനമായിരുന്നു.

Get more updates from Pudukad News on Google