Skip to content
November 13, 2026
⌕

അയർലൻഡിലെ ശമ്പളക്കരാര്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്; സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ പുനഃപരിശോധിക്കും

November 13, 2026
Share this post to

ഡബ്ലിന്‍: അയര്‍ലണ്ടിലെ പൊതുമേഖലാ ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ശമ്പളക്കരാര്‍ രാജ്യത്തെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍. ശമ്പളവര്‍ധന പണപ്പെരുപ്പ നിരക്കിനേക്കാള്‍ ഉയര്‍ന്നാല്‍ സേവനമേഖലയിലെ വിലക്കയറ്റം കുറയാതെ തുടരാനും 2000-കളുടെ മധ്യത്തിലെ സെല്‍റ്റിക് ടൈഗര്‍ കാലത്തെപ്പോലെ ഉയര്‍ന്ന പണപ്പെരുപ്പ സാഹചര്യം വീണ്ടും രൂപപ്പെടാനും സാധ്യതയുണ്ടെന്ന് ഇ വൈ അയര്‍ലന്‍ഡ് ചീഫ് ഇക്കണോമിസ്റ്റ് റോസ്സ വൈറ്റ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ തകര്‍ച്ചയുണ്ടായാല്‍ പുതിയ പൊതുമേഖലാ ശമ്പളക്കരാര്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് പൊതുചെലവ് മന്ത്രി ജാക്ക് ചേംബേഴ്സ് വ്യക്തമാക്കി. പണപ്പെരുപ്പത്തില്‍ വലിയ വര്‍ധനയുണ്ടായാല്‍ യൂണിയനുകള്‍ക്കും കരാര്‍ പുനഃപരിശോധന ആവശ്യപ്പെടാം. സാമ്പത്തിക സാഹചര്യങ്ങളിലെ വലിയ മാറ്റങ്ങള്‍ പരിഗണിക്കുന്നതിനുള്ള വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2029 മാര്‍ച്ച് അവസാനത്തോടെ നാലുലക്ഷത്തിലേറെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഘട്ടംഘട്ടമായി കുറഞ്ഞത് 10.75 ശതമാനം ശമ്പളവര്‍ധന ലഭിക്കുന്നതാണ് പുതിയ കരാര്‍. 33 മാസത്തേക്കുള്ള കരാര്‍ നടപ്പാകുന്നതോടെ പ്രതിവര്‍ഷം ശരാശരി 3.8 ശതമാനം ശമ്പളവര്‍ധനയുണ്ടാകും. ആകെ 5.2 ബില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന കരാറില്‍ ധാരണയായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച നടത്താനിരുന്ന പണിമുടക്ക് യൂണിയനുകള്‍ പിന്‍വലിച്ചിരുന്നു.

പണപ്പെരുപ്പം ആശങ്കയാകുന്നു

പുതിയ ശമ്പളക്കരാര്‍ രാജ്യത്തെ വിലക്കയറ്റത്തിന് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുമെന്നാണ് റോസ്സ വൈറ്റിന്റെ വിലയിരുത്തല്‍. 2027ല്‍ പണപ്പെരുപ്പം ശരാശരി മൂന്ന് ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (CSO) കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ ഉപഭോക്തൃ വിലക്കയറ്റം 4.3 ശതമാനത്തിലെത്തി. 2023 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അഞ്ചുവര്‍ഷത്തിലേറെയായി സേവനമേഖലയിലെ വിലക്കയറ്റം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പണപ്പെരുപ്പത്തേക്കാള്‍ ഉയര്‍ന്ന ശമ്പളവര്‍ധനകള്‍ തുടര്‍ച്ചയായി നടപ്പാക്കിയാല്‍ സേവനങ്ങളുടെ വില വീണ്ടും ഉയരാനും പണപ്പെരുപ്പം സമ്പദ്വ്യവസ്ഥയില്‍ സ്ഥിരമായി നിലനില്‍ക്കാനും സാധ്യതയുണ്ടെന്ന് റോസ്സ വൈറ്റ് ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ വിലസൂചികയില്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏകദേശം തുല്യമായ പങ്കാണുള്ളത്. ഉല്‍പ്പന്നങ്ങളുടെ വിലയില്‍ സര്‍ക്കാരിന് നേരിട്ടുള്ള നിയന്ത്രണം പരിമിതമാണെങ്കിലും ശമ്പളവര്‍ധന സേവനങ്ങളുടെ വിലയെ സ്വാധീനിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധന്റെ നിരീക്ഷണം.

സാമ്പത്തിക തകര്‍ച്ചയുണ്ടായാല്‍ കരാര്‍ പുനഃപരിശോധിക്കും

സാമ്പത്തിക സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമുണ്ടായാല്‍ കരാര്‍ പുനഃപരിശോധിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ് വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വലിയ തകര്‍ച്ചയുണ്ടാകുകയും നിലവിലെ കരാര്‍ താങ്ങാനാകാത്ത സാമ്പത്തിക സാഹചര്യം രൂപപ്പെടുകയും ചെയ്താല്‍ സര്‍ക്കാര്‍ പുനഃപരിശോധന ആവശ്യപ്പെടും.

അതേസമയം, പണപ്പെരുപ്പത്തില്‍ വലിയ കുതിപ്പുണ്ടായാല്‍ യൂണിയനുകള്‍ക്കും ഇതേ ആവശ്യം ഉന്നയിക്കാം. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും ഇത്തരം അവസരം നല്‍കുന്നത് ഉത്തരവാദിത്തപരമായ സമീപനമാണെന്നും മന്ത്രി പറഞ്ഞു.

2027ല്‍ ചെലവ് 1.8 ബില്യണ്‍ യൂറോ കടക്കും

പുതിയ ശമ്പളക്കരാറിന്റെ ഭാഗമായി 2027ല്‍ മാത്രം സര്‍ക്കാരിന് 1.8 ബില്യണ്‍ യൂറോയിലേറെ ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ബജറ്റില്‍ ഇതിനായി ആദ്യം വകയിരുത്തിയിരുന്നത് 1.2 ബില്യണ്‍ യൂറോയാണ്. അധിക ചെലവ് കണ്ടെത്തുന്നതും സര്‍ക്കാരിന് സാമ്പത്തിക വെല്ലുവിളിയാകും.

എന്നിരുന്നാലും പൊതുഖജനാവിന് താങ്ങാനാകുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്നതുമായ കരാറാണ് അംഗീകരിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. യൂണിയനുകളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്ന വിമര്‍ശനവും അദ്ദേഹം തള്ളി.

യൂണിയനുകളുടെ അംഗീകാരം കാത്ത് കരാര്‍

പുതിയ കരാറിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് 19 യൂണിയനുകളുടെ ദേശീയ എക്‌സിക്യൂട്ടീവുകള്‍ തീരുമാനമെടുക്കണം. തുടര്‍ന്ന് അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തും. ഡിസംബര്‍ രണ്ടാം വാരത്തോടെ വോട്ടെടുപ്പിന്റെ അന്തിമഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞതും ഇടത്തരവുമായ ശമ്പളവിഭാഗങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന രീതിയിലാണ് കരാറെന്ന് SIPTU ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഡ്രിയന്‍ കെയ്ന്‍ പറഞ്ഞു. നിര്‍മിതബുദ്ധിയുടെ ഉപയോഗം, ഹൈബ്രിഡ് ജോലി ക്രമീകരണം, പൊതുമേഖലയിലെ ജോലികള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ എന്നിവയിലും ചര്‍ച്ചകളിലൂടെ ധാരണയിലെത്തിയിട്ടുണ്ട്.

അതേസമയം, ശമ്പളവര്‍ധന മാത്രംകൊണ്ട് പൊതുമേഖലയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്നാണ് ഫ്രസാ യൂണിയന്‍ പ്രതിനിധി കെവിന്‍ കാലിനന്റെ നിലപാട്. ജീവനക്കാരുടെ ജോലിഭാരം, ആവശ്യത്തിന് ജീവനക്കാരില്ലാത്തത്, വര്‍ധിച്ചുവരുന്ന സേവനാവശ്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാടക നല്‍കാനും സ്വന്തമായി വീട് വാങ്ങുന്നതിനായി സമ്പാദിക്കാനും കഴിയാത്തതിനാല്‍ രാജ്യം വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവ പൊതുമേഖലാ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ കരാര്‍ പൊതുമേഖല ജീവനക്കാര്‍ക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയ്‌ക്കൊപ്പം രാജ്യത്തെ പണപ്പെരുപ്പത്തിനും പൊതുധനകാര്യത്തിനും അത് എത്രത്തോളം സമ്മര്‍ദമുണ്ടാക്കുമെന്ന ചര്‍ച്ചയും അയര്‍ലണ്ടില്‍ ശക്തമാകുകയാണ്.

Get more updates from Pudukad News on Google