ഭരണമാറ്റം സർക്കാർ കലണ്ടറിലും പ്രതിഫലിച്ചു. ചുവപ്പും കറുപ്പും നിറങ്ങൾക്ക് പകരം ഇളംനീല നിറം. കടൽത്തീരവും പനയോലകൾ നിറഞ്ഞ തീരവും അലതല്ലുന്ന തിരമാലകളും കവറായി. സർക്കാരിന്റെ മിഷൻ സമുദ്ര, ബ്ലൂ ഇക്കണോമി പ്രതിഫലിപ്പിക്കുന്ന കവർ തിരഞ്ഞെടുത്തത് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാരിന്റെ മുദ്രവാക്യമായ കരുതലും സദ്ഭരണവും കലണ്ടറിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണമാറ്റം സർക്കാർ കലണ്ടറിലും പ്രതിഫലിച്ചത് ചർച്ചയാവുന്നു. പരിചിതമായ ചുവപ്പും കറുപ്പും നിറങ്ങളിൽ നിന്ന് മാറി, കേരള സർക്കാരിന്റെ കലണ്ടർ ഇത്തവണ ഇളം നീല നിറത്തിലാണ് ഇറങ്ങിയിട്ടുള്ളത്. മുഖ്യമന്ത്രി വി.ഡി സതീശനാണ് കലണ്ടർ പ്രകാശനം ചെയ്തത്.
ചുവപ്പ് നിറം മാറിയതോടെ കലണ്ടറിന് കൂടുതൽ ആകർഷണീയത ഉണ്ടായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഭംഗിയേറിയ കടൽത്തീരവും പനയോലകൾ നിറഞ്ഞ തീരവും അലതല്ലുന്ന തിരമാലകളും ദൃശ്യമാകുന്ന കവർ പേജാണ് കലണ്ടറിന്റേത്. യു.ഡി.എഫ് സർക്കാരിന്റെ മുദ്രാവാക്യമായ ‘കരുതലോടെയുള്ള സദ്ഭരണം’ കലണ്ടറിന്റെ കവർ പേജിൽ പ്രദർശിപ്പിച്ചുണ്ട്.
കലണ്ടറിന്റെ മുഖച്ഛായ മാറിയതോടെ കലണ്ടറിന്റെ വിൽപ്പനയും വൻതോതിൽ കൂടിയിട്ടുണ്ട്. പ്രകാശനം കഴിഞ്ഞ് പത്ത് ദിവസത്തിനകം 1.82 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു. ഇത് കഴിഞ്ഞ വർഷം ആകെ വിറ്റഴിച്ച കോപ്പികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്.
ഈ ഡിമാന്റ് മുന്നിൽകണ്ട് ലക്ഷക്കണക്കിന് കോപ്പികൾ അധികം അച്ചടിക്കാനാണ് നീക്കം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവൺമെന്റ് പ്രസ്സ് ബുക്ക് ഡിപ്പോകൾ, ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, സെക്രട്ടേറിയറ്റ് അനക്സ് എന്നിവിടങ്ങളിൽ നിന്ന് കലണ്ടർ നേരിട്ട് വാങ്ങാം.
സർക്കാർ ഓഫീസുകൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്ക് മുൻകൂട്ടി പണമടച്ച് കലണ്ടറുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം അച്ചടി വകുപ്പ് നൽകാറുണ്ട്. നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് നിശ്ചിത തുകയും പോസ്റ്റൽ ചാർജും അടച്ചാൽ തപാൽ വഴി കലണ്ടർ വീട്ടിലെത്തിച്ചു നൽകുന്ന സംവിധാനവുമുണ്ട്.
കേരള സർക്കാർ കലണ്ടർ കേവലം തീയതികൾ നോക്കാൻ മാത്രമല്ല, ഔദ്യോഗിക ആവശ്യങ്ങൾക്കും ഏറെ ഉപകാരപ്രദമാണ്: ഇംഗ്ലീഷ് (ഗ്രിഗോറിയൻ) തീയതികൾക്കൊപ്പം മലയാളം (കൊല്ലവർഷം), ശകവർഷം, ഹിജ്റ തീയതികൾ എന്നിവയും ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
പൊതു അവധികൾ, നിയന്ത്രിത അവധികൾ , നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള ബാങ്ക് അവധികൾ എന്നിവ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കും.
സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രധാന ഫോൺ നമ്പറുകൾ, എമർജൻസി നമ്പറുകൾ, പ്രധാന ദിനാചരണങ്ങൾ എന്നിവയും കലണ്ടറിന്റെ അവസാന പേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. മലയാള മാസത്തീയതികൾക്കൊപ്പം അതത് ദിവസത്തെ നക്ഷത്രം (നാൾ), തിഥി, വാവുബലി ദിവസങ്ങൾ (കറുത്തവാവ്), ഏകാദശി, ഷഷ്ഠി തുടങ്ങിയ പ്രധാന ദിവസങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ കലണ്ടർ രൂപകൽപ്പന ചെയ്തത് അരുൺ ഗോകുലാണ്. യു.ഡി.എഫ് സർക്കാരിന്റെ സന്ദേശം സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും എത്തിക്കുന്നതിനുള്ള ഒരു ഉപാധിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കലണ്ടറിനെ കാണുന്നത്.
സർക്കാരിന്റെ ലക്ഷ്യങ്ങളും അതിന്റെ പ്രധാന പദ്ധതിയായ മിഷൻ സമുദ്രയും പ്രതിഫലിപ്പിക്കുന്ന രീതിയിൽ കലണ്ടർ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നു. അഞ്ച് ഡിസൈനുകൾ തയ്യാറാക്കുകയും മുഖ്യമന്ത്രി അതിൽ നിന്ന് അന്തിമമായൊരെണ്ണം തിരഞ്ഞെടുക്കുകയും ചെയ്തു.
സർക്കാരിന്റെ ‘പുതുയുഗ കേരളം’ കാഴ്ചപ്പാടും നീല സമ്പദ്വ്യവസ്ഥയുടെയും തീരദേശത്തിന്റെയും പ്രമേയങ്ങളും അടിസ്ഥാനമാക്കിയാണ് ഈ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. “നീല സമ്പദ്വ്യവസ്ഥയിലുള്ള സർക്കാരിന്റെ ശ്രദ്ധയെ അടയാളപ്പെടുത്താനാണ് നീല നിറം തിരഞ്ഞെടുത്തത്.
ഒരു വർഷം മുഴുവൻ ചുമരിൽ തൂക്കിയിടുമ്പോൾ മഴക്കാലത്തും ഈർപ്പത്തിലും നശിച്ചുപോകാതിരിക്കാൻ മികച്ച നിലവാരമുള്ള മാപ്ലിത്തോ പേപ്പറാണ് സർക്കാർ കലണ്ടറുകൾക്കായി ഉപയോഗിക്കുന്നത്. കാഴ്ചശക്തി കുറഞ്ഞവർക്കും പ്രായമായവർക്കും ദൂരെ നിന്ന് പോലും തീയതികളും അവധി ദിനങ്ങളും വ്യക്തമായി വായിക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ ഫോണ്ടുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും താമസിക്കുന്ന മലയാളികൾ നാട്ടിൽ നിന്ന് വരുത്തുന്ന പ്രധാന സാധനങ്ങളിൽ ഒന്നാണ് കേരള സർക്കാർ കലണ്ടർ. നാട്ടിലെ വിശേഷ ദിവസങ്ങളും നക്ഷത്രങ്ങളും കൃത്യമായി അറിയാൻ പ്രവാസികൾ ഇതിനെ ആശ്രയിക്കുന്നു.
സാധാരണയായി എല്ലാ വർഷവും 2 ലക്ഷം വരെയാണ് കലണ്ടറുകൾ അച്ചടിക്കാറുള്ളത്. എന്നാൽ പുതിയ രൂപമാറ്റത്തോടെ ആദ്യ 10 ദിവസത്തിനുള്ളിൽ തന്നെ 1.82 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞത് അച്ചടി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ വലിയ റെക്കോർഡാണ്. 4ലക്ഷത്തിലേറെ കലണ്ടറുകളാവും ഇത്തവണ വിപണിയിലെത്തുക.




