Skip to content
November 15, 2026
⌕

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ശൃംഖലയിലെ ആശയവിനിമയ തകരാറിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമയാന സ്തംഭനത്തിന് സാക്ഷ്യം വഹിച്ച് അമേരിക്ക. 6,600-ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും പതിനായിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങുകയും ചെയ്തു. വന്‍ പ്രതിസന്ധിക്ക് പിന്നാലെ സര്‍വീസുകള്‍ പുനരാരംഭിച്ചു. കാലപ്പഴക്കം ചെന്ന സംവിധാനം ഉടച്ചുവാര്‍ക്കാന്‍ 50 ബില്യണ്‍ ഡോളര്‍ അടിയന്തരമായി അനുവദിക്കണമെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി

November 14, 2026
Share this post to

വാഷിംഗ്ടണ്‍: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രങ്ങളിലുണ്ടായ ആശയവിനിമയ തകരാറിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുകയും 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ രാജ്യവ്യാപക വ്യോമയാന സ്തംഭനത്തിന് വഴിവെക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കി യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍.

പ്രാദേശിക സമയം രാത്രി 8:15-ന് യു.എസ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നതായി അറിയിച്ച ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി, വിമാനങ്ങളുടെ പുറപ്പെടല്‍ സാവധാനത്തില്‍ മാത്രമേ പുനരാരംഭിക്കാന്‍ കഴിയൂ എന്നും സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് സമയമെടുക്കുമെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. 


ഫ്‌ലൈറ്റ് റഡാര്‍ 24 കണക്കുകള്‍ പ്രകാരം 6,600-ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും 8,600 വിമാനങ്ങള്‍ വൈകുകയും ചെയ്തതിനൊപ്പം ഞായറാഴ്ചത്തേക്കുള്ള 1,500 വിമാനങ്ങളും ഇതിനോടകം റദ്ദാക്കിയിട്ടുണ്ടെന്നും, നാല് മണിക്കൂര്‍ നീണ്ട ഈ രാജ്യവ്യാപക സ്തംഭനം വരും ദിവസങ്ങളിലും വിമാന ഷെഡ്യൂളുകളെ സാരമായി ബാധിക്കുമെന്ന് വ്യോമയാന വിദഗ്ധര്‍ വിലയിരുത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 


രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ പതിനായിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്നും, തകരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താനും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിനും ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതായും ഡഫി അറിയിച്ചു.

കാലപ്പഴക്കം ചെന്ന സാങ്കേതികവിദ്യയും ഉപകരണങ്ങളിലെ പിഴവുകളും ആയിരക്കണക്കിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കുറവും നേരിടുന്ന യു.എസ് വ്യോമയാന സംവിധാനം നേരിടുന്ന കടുത്ത സമ്മര്‍ദ്ദത്തിന്റെ ഏറ്റവും പുതിയ തെളിവാണിതെന്ന് വിലയിരുത്തപ്പെടുന്നു. 


ഉച്ചകഴിഞ്ഞ് 3:36-ഓടെ റഡാര്‍, ആശയവിനിമയ സംവിധാനങ്ങളില്‍ അസ്ഥിരത അനുഭവപ്പെട്ടതോടെ സ്വിച്ചുകളിലും റൂട്ടറുകളിലും അമിതമായ ഡാറ്റാ പ്രവാഹമുണ്ടാവുകയും ഡാറ്റയില്‍ പൊരുത്തക്കേടുകള്‍ കണ്ടുതുടങ്ങിയതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി സംവിധാനം അടച്ചുപൂട്ടുകയുമായിരുന്നു.


എന്നാല്‍ ഒരു ഘട്ടത്തിലും റഡാറോ ആശയവിനിമയമോ പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്നില്ലെന്നും ആയിരക്കണക്കിന് വിമാനങ്ങളെ സുരക്ഷിതമായി നിലത്തിറക്കാന്‍ സാധിച്ചുവെന്നും വ്യക്തമാക്കിയ ഡഫി, അടിയന്തര പ്രശ്‌നം പരിഹരിച്ചെങ്കിലും സമാനമായ തകരാറുകള്‍ ഒഴിവാക്കാന്‍ പഴയ സംവിധാനം പൂര്‍ണ്ണമായി ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ് 50 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. 

സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണമോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ ഇടപെടലോ ഉള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനമെന്നും വ്യക്തമാക്കിയ ആഭ്യന്തര സുരക്ഷാ സെക്രട്ടറി മുള്ളിന്‍, നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുമായി ചേര്‍ന്ന് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.


എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പൈലറ്റുമാരുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന നിര്‍ണ്ണായക റേഡിയോ ഫ്രീക്വന്‍സികള്‍ കൈകാര്യം ചെയ്യുന്ന എല്‍3 ഹാരിസ് ടെക്‌നോളജീസിന്റെ ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലയെയാണ് തകരാര്‍ ബാധിച്ചതെന്ന് വ്യോമയാന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 


വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കിയെങ്കിലും ബോസ്റ്റണ്‍ മുതല്‍ സിയാറ്റില്‍ വരെയും ന്യൂയോര്‍ക്ക് മുതല്‍ ലോസ് ഏഞ്ചല്‍സ് വരെയുമുള്ള വിമാനത്താവളങ്ങളില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ രാത്രി മുഴുവന്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളതെന്നും, എഫ്.എ.എ സംവിധാനത്തിലെ തകരാര്‍ കാരണം സംഭവിച്ച തടസ്സമായതിനാല്‍ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിസന്ധിയെത്തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, ജെറ്റ്ബ്ലൂ എന്നിവയുടെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍, വിമാനങ്ങളും ജീവനക്കാരെയും വേഗത്തില്‍ പുനര്‍വിന്യസിക്കുന്നതിനായി ചെറിയ നഗരങ്ങളിലേക്കും അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ക്ക് മുന്‍ഗണന നല്‍കുകയാണെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

Get more updates from Pudukad News on Google