ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ തിരഞ്ഞെടുപ്പ് തർക്കങ്ങളിൽ കടുത്ത അതൃപ്തിയുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. 2036 ഒളിമ്പിക്സ് ആതിഥേയത്വ ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കാമെന്ന് മുന്നറിയിപ്പ്. ബാഹ്യ ഇടപെടലുകളില്ലാതെ നീതിയുക്തമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശം. പി.ടി. ഉഷയുടെ കത്തിന് പിന്നാലെ ഇടപെടൽ

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ (ഐ.ഒ.എ) നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് വിവാദങ്ങളിലും ആഭ്യന്തര തർക്കങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി).
2036-ലെ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാൻ മറ്റ് ആറ് പ്രമുഖ രാജ്യങ്ങൾക്കൊപ്പം ശക്തമായ മത്സരരംഗത്തുള്ള ഇന്ത്യക്ക്, അസോസിയേഷനിലെ ഇത്തരം ചേരിപ്പോരുകൾ ഒട്ടും ഗുണകരമാകില്ലെന്ന വ്യക്തമായ മുന്നറിയിപ്പും ഐ.ഒ.സി നൽകി.
ഇന്ത്യയിലെ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ആഗോള പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് അസോസിയേഷനിലെ അനാവശ്യ തർക്കങ്ങളെന്ന് അന്താരാഷ്ട്ര സമിതി നിരീക്ഷിച്ചു.
യാതൊരുവിധ ബാഹ്യ ഇടപെടലുകളുമില്ലാതെ തികച്ചും നീതിയുക്തവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നും ഐ.ഒ.സി കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ.ഒ.എ ജനറൽ കൗൺസിലിലേക്കുള്ള വനിതാ താരപ്രതിനിധി (എസ്.ഒ.എം) തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടത് ബാഹ്യശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി സ്ഥാനാർത്ഥികൾ നടത്തിയ തിരിമറികൾ കൊണ്ടാണെന്ന് ആരോപിച്ച് നിലവിലെ പ്രസിഡന്റ് പി.ടി. ഉഷ ഐ.ഒ.സിക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നടന്ന ബാഹ്യ ഇടപെടലുകളും ചട്ടലംഘനങ്ങളും സ്വതന്ത്രമായി പരിശോധിക്കണമെന്നും ഉഷ കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. പി.ടി. ഉഷയുടെ ഈ പരാതിക്ക് പിന്നാലെയാണ് ഇന്ത്യൻ കായിക ഭരണസമിതിക്ക് കർശന താക്കീതുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി രംഗത്തെത്തിയത്.




